കൊച്ചി: കെ.സുരേന്ദ്രന് മേല്‍ കൂടുതല്‍ കേസുകള്‍ ചുമത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ആസൂത്രിതമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ സുരേന്ദ്രന്‍ ശ്രമിച്ചു എന്നതിന് എന്ത് തെളിവാണുള്ളതെന്നും രമേശ് ചോദിച്ചു.
ശബരിമലയില്‍ സര്‍ക്കാര്‍ മന:പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അല്ലാതെ പ്രകോപനപരമായി ഒന്നും അവിടെ നടക്കുന്നില്ലെന്നും എം.ടി രമേശ് വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു രമേശിന്റെ പ്രതികരണം.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്കും ഹരിശങ്കറിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയെന്നും എം.ടി. രമേശ് പറഞ്ഞു.
കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും പ്രതികരിച്ചു. ഈശ്വരവിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമം നടത്തുന്നു എന്നും ശ്രീധരന്‍പിളള ദില്ലിയില്‍ പറഞ്ഞു.
അതേസമയം, കെ. സുരേന്ദ്രനെതിരെ പൊലീസ് വീണ്ടും കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നടതുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.
സന്നിധാനത്തിന് സമീപം വെച്ച് തൃശൂര്‍ സ്വദേശിനി ലളിതയ്ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.