കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ഒളിമ്പുമായി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മ്മിക ബോധം മറക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് എം.ടി. രമേശിന്റെ പരോക്ഷ വിമര്‍ശനം.
‘തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംക്ഷിക്കാതെയാണ് ദീന്‍ദയാല്‍ ഉപാധ്യായ പ്രവര്‍ത്തിച്ചത്. സംഘടനയും അതിന്റെ ആദര്‍ശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണ്,’ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടേയും കുഴല്‍-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തില്‍ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ രണ്ട് മണ്ഡലങ്ങളിലെ മത്സരവും ഹെലികോപ്ടറും 35 സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന പ്രസ്താവനയുമെല്ലാം തിരിച്ചടിയായെന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തലുമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ വന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.
മൂന്ന് വര്‍ഷമാണ് അധ്യക്ഷന്‍മാരുടെ കാലാവധി. ഇതിന് മുന്‍പ് കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍പിള്ളയും അധ്യക്ഷന്‍മാരായപ്പോഴും കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല.
കേരളത്തില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ ദേശീയ നേതൃത്വം അതൃപ്തരാണ്. ഇത്തവണ ബി.ജെ.പിക്ക് ഉണ്ടായിരുന്ന ഒരു സീറ്റും പോയി 2% വോട്ടു കുറഞ്ഞു.
പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപി, വത്സന്‍ തില്ലങ്കേരി, എം.ടി. രമേശ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
എം.ടി.രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഭാരതീയ ജനതാപാര്‍ട്ടിയുടെ സംഘടനാ ശരീരവും ആദര്‍ശത്തിന്റെ ആത്മാവും ഒരു പോലെ കടപെട്ടിരിക്കുന്ന നേതാവാണ് ദീനദയാല്‍ ഉപാദ്ധ്യായ്. 1951 ല്‍ ശ്യാമ പ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘം രൂപീകരിച്ച ശേഷം സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ദീനദയാല്‍ജി ജനസംഘ പ്രവര്‍ത്തനം തുടങ്ങുന്നത്, 53 ല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും 67 ല്‍ കോഴിക്കോട്ടെ സമ്മേളനത്തില്‍ അഖിലേന്ത്യ അധ്യക്ഷനാവുകയും ചെയ്തു.
ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ശ്രീ ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദര്‍ശനമാണ് എകാത്മാ മാനവ ദര്‍ശനം. ഗ്വാളിയാറില്‍ ചേര്‍ന്ന 500 പ്രവര്‍ത്തകരുടെ നാലുദിവസത്തെ ചിന്തന്‍ ശിബിരത്തിലാണ് ദീനദയാല്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്.
ഉദാത്തമായ ഈ ചിന്താധാരക്കനുസരിച്ച് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കും മുമ്പ് 1968ല്‍ അദ്ദേഹം നമ്മെ വിട്ടു പോയി.ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്ന ദീനദയാല്‍ജിയുടെ ജീവിതം ഏതൊരു പൊതുപ്രവര്‍ത്തകനും മാതൃകയാണ്.
1942-ല്‍ അദ്ദേഹം ലഖിംപൂര്‍ ജില്ലാ പ്രചാരകനായി സംഘടനാ പ്രവര്‍ത്തനം തുടങ്ങി. 1951-ല്‍ ഉത്തര്‍പ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവില്‍ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖര്‍ജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി.
ആ യത്നത്തിലേക്ക് ദീനദയാല്‍, വാജ്പേയി തുടങ്ങിയ ചിലരെ സംഘം നിയോഗിക്കുകയായിരുന്നു. തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവര്‍ത്തിച്ചു, അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നു പോകുന്ന ധാര്‍മ്മിക ബോധം തിരിച്ചെടുക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് സാധിക്കും.
സംഘടനയും അതിന്റെ ആദര്‍ശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണ് താനും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: MT Ramesh against K Surendran BJP Conflict