| Tuesday, 16th January 2024, 3:35 pm

ചിത്രക്കും എം.ടിക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; ഒന്നും വിവാദമാക്കേണ്ടെന്ന് സജി ചെറിയാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

രാമ ക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്ത സാഹചര്യത്തിൽ വിശ്വാസമുള്ളവർക്ക് പോകാമെന്നും അല്ലാത്തവർക്ക് പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചിത്രയുടെ അയോധ്യ പരാമർശം വിവാദകമാക്കേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ വീടുകളിൽ ദീപം തെളിയിക്കണമെന്ന ചിത്രയുടെ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.

എം.ടി. വാസുദേവൻ നായർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമരവും ഭരണവും എന്തെന്ന് എം.ടി പഠിപ്പിക്കേണ്ടെന്ന് സി.പി.ഐ.എം നേതാവ് ജി. സുധാകരന്റെ വിമർശനം തള്ളുന്നതായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

രാഷ്ട്രീയത്തിലെ വ്യക്തിപൂജയെയും അധികാര ദുർവിനിയോഗത്തെയും വിമർശിച്ച എം.ടിയുടെ പ്രസംഗം കേന്ദ്രത്തിനെതിരെയാണെന്ന് സി.പി.ഐ.എം ആവർത്തിക്കുന്നതിനിടയിലാണ് ആലപ്പുഴയിൽ നടന്ന പൊതു പരിപാടിയിൽ ജി. സുധാകരൻ എം.ടിക്കെതിരെ രംഗത്ത് വന്നത്.

എം.ടിയെ ചാരി ചില സാഹിത്യകാരന്മാർ ഷോ കാണിക്കുകയാണെന്നും നേരിട്ട് പറയാതെ എം.ടിയെ ഏറ്റു പറയുന്നത് ഭീരുത്വമാണെന്നും സുധാകരൻ പറഞ്ഞിരുന്നു.

Content Highlight: MT and Chithra can express their opinion says Saji Cherian

We use cookies to give you the best possible experience. Learn more