ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സര പരമ്പര നാളെയാണ് ആരംഭിക്കുന്നത്. ടെസ്റ്റും ഏകദിനവും ട്വന്റി-20 മല്‍സരങ്ങളും അടങ്ങിയ നീണ്ട പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര തുടങ്ങുന്നത്.
വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിരിക്കും ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേറ്റ പരാജയത്തില്‍ നിന്നും കരകയറാനും ലോകകപ്പിനുള്ള തയ്യാറെടുപ്പിലേക്കുള്ള ആദ്യ പടിയായിട്ടായിരിക്കും ഇന്ത്യന്‍ ടീം ഈ പരമ്പരയെ നോക്കികാണുന്നത്.
ഏകദിന പരമ്പര ആരംഭിക്കുന്നത് ജുലൈ 27നാണ്. ആദ്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഇന്ത്യക്ക് സുപ്രധാനമാണ്. ലോകകപ്പിനെ മുന്നില്‍ കാണുന്ന ടീമിനും താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്.
കഴിഞ്ഞ വര്‍ഷം നവംബറിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജും സാംസണ് മികച്ച പ്രകടനം നടത്തി ലോകകപ്പ് ടീമിലേക്ക് ഇടം നേടാനുള്ള അവസരമാണ് ഈ പരമ്പര.
എന്നാല്‍ അദ്ദേഹത്തെ ഇലവനില്‍ ഇറക്കുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. മിഡില്‍ ഓര്‍ഡറിലോ ഫിനിഷിങ്ങിലോ അദ്ദേഹത്തിനെ കളിപ്പിക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്.
എന്നാല്‍ സഞ്ജുവിന് പുതിയ ബാറ്റിങ് പൊസിഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ചീഫ് സെലക്ടറായ എം.എസ്.കെ പ്രസാദ്.
മിഡില്‍ ഓര്‍ഡറില്‍ സൂര്യകുമാര്‍ യാദവ് ഉള്ളതിനാല്‍ സഞ്ജു അവിടെ കളിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രോഹിത്തിന്റെ കൂടെ ഓപ്പണിങ്ങാണ് സഞ്ജുവിന് ഭേദം എന്നാണ് പ്രസാദ് പറയുന്നത്.
‘നിലിവില്‍ സൂര്യയും സഞ്ജുവും തമ്മില്‍ മത്സരങ്ങളൊന്നുമില്ല, സഞ്ജു ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ്, എന്നാല്‍ സൂര്യ ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്ററും. നമുക്ക് പറയാന്‍ സാധിക്കില്ല, സഞ്ജുവിനെ ചിലപ്പോള്‍ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം, സൂര്യയുമായി സഞ്ജുവിന് മത്സരമൊന്നുമില്ല എന്നാല്‍ അദ്ദേഹത്തിന്റെ എതിരാളി ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും,’ ഖേല്‍ നൗവിനോട് സംസാരിക്കവേ പ്രസാദ് പറഞ്ഞു.
ഈ അവസരം കിട്ടുകയാണെങ്കില്‍ണെങ്കില്‍ സഞ്ജുവിന് ഒരുപാട് മുന്നേറ്റങ്ങളുണ്ടാക്കും അതേസമയം ഗെയ്ക്വാദും, ഗില്ലും, കിഷനുമടങ്ങുന്ന ഓപ്പണിങ്ങ് ബാറ്റര്‍മാരെ മറികടക്കുക എന്നുള്ളത് സാധ്യത വളരെ കുറവാണ്.