ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ കരിയര്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. രോഹിത്തിന് ശേഷം ഇനിയാര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഇന്ത്യക്ക് മുമ്പിലുള്ളത്. ഹര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, ജസ്പ്രീത് ബുംറ, ശുഭ്മന്‍ ഗില്‍ തുടങ്ങി നിരവധി ഓപ്ഷനുകളും ഇന്ത്യക്ക് മുമ്പിലുണ്ട്.
ഐ.പി.എല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടമണിയിച്ച ശ്രേയസ് അയ്യരും ഒരു ഓപ്ഷനായി ഇന്ത്യക്ക് മുമ്പിലുണ്ടായിരുന്നു. എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി എത്തിയ പരിക്കുകള്‍ വില്ലനായപ്പോള്‍ താരത്തിന്റെ കരിയറിനെ തന്നെ അത് പ്രതികൂലമായി ബാധിച്ചിരുന്നു.
വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും ശേഷം ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ ഗ്രൂം ചെയ്തതെടുത്ത താരമായിരുന്നു ശ്രേയസ് അയ്യരെന്നും എന്നാല്‍ പരിക്കുകള്‍ അത് ഇല്ലാതാക്കിയന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ബോറിയ മജുംദാറുമായുള്ള സംഭാഷണത്തിലാണ് പ്രസാദ് അയ്യരെ കുറിച്ച് സംസാരിക്കുന്നത്.
‘ഇന്ത്യയുടെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ടായിരുന്നു. എം.എസ്. ധോണി എറ, വിരാട് കോഹ്‌ലി എറ, രോഹിത് ശര്‍മ എറ എന്നിവയ്ക്ക് ശേഷം ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനെ തിരയുകയായിരുന്നു ഞങ്ങള്‍.
ശ്രേയസ് അയ്യരെ ഞങ്ങള്‍ കണ്ടെത്തി, കൃത്യമായി വളര്‍ത്തിയെടുത്തു. ഇന്ത്യ എ ടീമിനെ പത്തോളം പരമ്പരയില്‍ അവന്‍ നയിച്ചു. അതില്‍ എട്ടെണ്ണത്തിലും ടീം വിജയിക്കുകയും ചെയ്തു. രവീന്ദ്ര ജഡേജയില്‍ നിന്നും ഹര്‍ദിക് പാണ്ഡ്യയില്‍ നിന്നും വ്യത്യസ്തമായി ഞങ്ങളവനില്‍ ഇന്‍വെസ്റ്റ് ചെയ്തു.
നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് പരിക്കേറ്റു, ആ സമയത്താകട്ടെ റിഷബ് പന്ത് മികച്ച പ്രകടനവും കാഴ്ചവച്ചു. അതിനുമുമ്പ് അയ്യര്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു. റിക്കി പോണ്ടിങ്ങിന് കീഴില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തെ ഏറെ സഹായിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നുകൊണ്ട് അദ്ദേഹം വളരെ മികച്ച തീരുമാനമാണ് കൈക്കൊണ്ടത്. ഫ്രാഞ്ചൈസിയും അവനെ സഹായിച്ചു. അവന്‍ അവിടെ കംഫര്‍ട്ടബിളാണെന്ന് തോന്നി.
അയ്യരെപ്പോലുള്ള യുവ കളിക്കാരെ ക്യാപ്റ്റന്‍സിയുടെ ചുമതലയേല്‍പിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നിങ്ങളവര്‍ക്ക് വേണ്ട പിന്തുണ നല്‍കണം. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ശ്രേയസ് അയ്യര്‍ മികച്ച ക്യാപ്റ്റനായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും പിന്‍മാറിയതോടെ ബി.സി.സി.ഐ ശ്രേയസ് അയ്യരെ ആന്വല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താക്കിയിരുന്നു. ജൂണ്‍ രണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ഐ.പി.എല്ലിലെ കിരീടനേട്ടം താരത്തിനെ വീണ്ടും നീലക്കുപ്പായത്തിലെത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: MSK Prasad says Shreyas Iyer was groomed as captain to lead India after Virat and Rohit