മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ വര്‍ത്തമാന മുഖമാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റ് ദൈവം സച്ചിന്റെ പിന്‍ഗാമിയായാണ് കോഹ്‌ലിയെ ആരാധകരും കളിയെഴുത്തുകാരുമെല്ലാം വിശേഷിപ്പിക്കുന്നത്. എന്നാല്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ കോഹ്‌ലിയെ കളി പഠിപ്പിച്ചതാരാണെന്ന്. അറിയാത്തവര്‍ കേട്ടോളൂ, കുപ്രസിദ്ധനായ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് എന്ന എം.എസ്.ജിയാണ് വിരാടിനെ കളിപഠിപ്പിച്ചത്. ഞെട്ടാന്‍ വരട്ടെ. എം.എസ്.ജിയുടെ അവകാശവാദം മാത്രമാണിത്. വാസ്തവമില്ലെന്ന് എല്‍.കെ.ജി കുട്ടിയ്ക്കു പോലും അറിയുന്ന ഒരു പൊള്ളവാദം.
നേരത്തേയും ഇത്തരത്തിലുള്ള പ്രസ്താവനകളുടേയും വാദങ്ങളുടേയും പേരില്‍ എം.എസ്.ജി വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ഇത്തവണ അല്‍പ്പം കടന്നു പോയെന്നാണ് സോഷ്യല്‍ മീഡിയയും മറ്റും പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആശാന്റെ തള്ള്. നേരത്തെ തന്റെ ജീവിത കഥയെന്ന് പറഞ്ഞ് സാധാരണക്കാരന്റെ രക്ഷനായി സ്വയം അവതരിക്കുന്ന സിനിമകള്‍ പുറത്തിറക്കിയിട്ടുള്ളയാളാണ് റാം റഹീം. എല്ലാം പൊട്ടിപ്പാളീസായെന്നു മാത്രം.
ന്യൂസ് 18നാണ് വീഡിയോ പുറത്തു വിട്ടത്. സ്‌പോര്‍ട്‌സില്‍ തനിക്കറിയാത്തത് ഒന്നുമില്ല. 32 നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും രാജ്യത്തിന് മെഡല്‍ നേടിക്കൊടുത്ത ഒരുപാട് താരങ്ങളെ താന്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്നുമൊക്കെയാണ് റാം റഹീമിന്റെ വാദം. എന്തിനേറെ പറയുന്നു ഇന്ത്യന്‍ നായകന്‍ വിരാടിനെ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോ തന്നെ തന്റെ പക്കലുണ്ടെന്നും റാം റഹീം അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ ഇനി അധികകാലം ആശാന് ഇങ്ങനെ തള്ളാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ആള്‍ദൈവം ഗുരുഗുര്‍മീത് റാം റഹീം സിംഗിന്റെ വിധി നാളെ സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കും. പതിനഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ നാളെ വിധി പറയുന്നത്. അതേ സമയം വിധി പ്രഖ്യാപനം ഗുര്‍മീതിനെതിരായാല്‍ കലാപമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി അനുനായികള്‍ എത്തിയിട്ടുണ്ട്.
സംഘര്‍ഷം നേരിടാന്‍ 10 കമ്പനി ബി.എസ്.എഫ് ആശ്രമപരിസരത്ത് എത്തിയിട്ടുണ്ട്. അതേസമയം പ്രേമികള്‍ എന്നു വിളിക്കുന്ന ഗുര്‍മീതിന്റെ അനുനായി സംഘങ്ങളും ആശ്രമത്തിലെത്തിയിട്ടുണ്ട്. സിഖ് വിഭാഗമായ ദേരാ സച്ചാ സൗദായുടെ നേതാവാണ് ഗുര്‍മീത് റാം റഹീം സിംഗ്.
2002 ലാണ് ഗുര്‍മീതിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആശ്രമത്തിലെ രണ്ട് സന്യസിനികളെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 1999 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2017 ആഗസ്റ്റ് 17ന് ആയിരുന്നു കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്.
മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. ദേരാ സച്ചാ സൗദാ ആശ്രമത്തില്‍ അനധികൃതമായ 400ല്‍ അധികം പേരെ വന്ധ്യംകരിച്ചതായുളള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഗുര്‍മീതിന്റെ ആശ്രമത്തില്‍ തെരച്ചില്‍ നടത്തിയപ്പോള്‍ വിരമിച്ച സൈനികരുടെ നേതൃത്വത്തിലുള്ള സായുധ സംഘം ആശ്രമസുരക്ഷയ്ക്കായുണ്ടെന്ന കാര്യം പുറത്തുവന്നിരുന്നു. ഇവിടെ വന്‍തോതില്‍ നിയമവിരുദ്ധമായി ആയുധശേഖരവുമുണ്ട്.