കോഴിക്കോട്: ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ ഇന്ന് നടന്ന സമരങ്ങള്‍ക്ക് എം.എസ്.എഫിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്.
തങ്ങള്‍ അഡ്രസ് ചെയ്തത് പരിമിതമായ ചില വിഷയങ്ങളെ മാത്രമാണ്. ഇന്ന് നടന്ന മുഴുവന്‍ പ്രതിഷേധ ശബ്ദങ്ങളുടെയും ഉത്തരവാദിത്തം എം.എസ്.എഫിന് ഏറ്റെടുക്കാനാകില്ല.
കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ എം.എസ്.എഫിന്റെ പ്രതിനിധികളാരുമില്ല. നിലവില്‍ യൂത്ത് ലീഗോ മുസ്‌ലിം ലീഗോ തന്റെ അറിവില്‍ സമരത്തിനിറങ്ങിയിട്ടില്ലെന്നും പി.കെ. നവാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ മാസം ഈ വിഷയത്തില്‍ ഒരു രക്ഷിതാവ് പരാതിയുമായി വന്നപ്പോള്‍ എം.എസ്.എഫ് ഇടപെട്ടിരുന്നു. അന്ന് ഇത്തരം വിഷയങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് എന്നും ഏതെങ്കിലും വിശ്വാസത്തിനെതിരാവരുതെന്നും പ്രിന്‍സിപ്പലിനോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് ഇടപെട്ടപ്പോഴാണ് ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ യൂണിഫോം ധരിക്കാം എന്ന നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഈ വസ്ത്ര രീതി ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ ആരും പ്രതിഷേധിക്കേണ്ടതില്ലെന്നും ഏതെങ്കിലും ഒരു കുട്ടിക്ക് എതിര്‍പ്പുണ്ടെങ്കിലാണ് എം.എസ്.എഫ് ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ആവേശത്തോടെയാണ് വരവേറ്റതെന്ന് മദര്‍ പി.ടി.എ പ്രസിഡന്റ് അഡ്വ. അഭിജ പറഞ്ഞിരുന്നു.
കുട്ടികളുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഈ ആശയം നടപ്പാക്കുന്നത്. യൂണിഫോം പരിഷ്‌ക്കരണം സ്‌കൂളില്‍ നടപ്പാക്കുമ്പോള്‍ പ്രിന്‍സിപ്പലും അധ്യാപകരും ആദ്യം അഭിപ്രായം ചോദിച്ചത് വിദ്യാര്‍ഥികളില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു.
അതേസമയം, ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ വിവാദം വേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നും അതാത് സ്‌കൂളുകളിലെ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍(മിക്‌സെഡ് സ്‌കൂള്‍). പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: MSF State President PK Navas said no role in today’s protests over the issue of gender-neutral uniforms in Balussery Govt. higher secondary schools.