കോഴിക്കോട്: ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ ഇന്ന് നടന്ന സമരങ്ങള്‍ക്ക് എം.എസ്.എഫിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്.
തങ്ങള്‍ അഡ്രസ് ചെയ്തത് പരിമിതമായ ചില വിഷയങ്ങളെ മാത്രമാണ്. ഇന്ന് നടന്ന മുഴുവന്‍ പ്രതിഷേധ ശബ്ദങ്ങളുടെയും ഉത്തരവാദിത്തം എം.എസ്.എഫിന് ഏറ്റെടുക്കാനാകില്ല.
കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ എം.എസ്.എഫിന്റെ പ്രതിനിധികളാരുമില്ല. നിലവില്‍ യൂത്ത് ലീഗോ മുസ്‌ലിം ലീഗോ തന്റെ അറിവില്‍ സമരത്തിനിറങ്ങിയിട്ടില്ലെന്നും പി.കെ. നവാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ മാസം ഈ വിഷയത്തില്‍ ഒരു രക്ഷിതാവ് പരാതിയുമായി വന്നപ്പോള്‍ എം.എസ്.എഫ് ഇടപെട്ടിരുന്നു. അന്ന് ഇത്തരം വിഷയങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് എന്നും ഏതെങ്കിലും വിശ്വാസത്തിനെതിരാവരുതെന്നും പ്രിന്‍സിപ്പലിനോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് ഇടപെട്ടപ്പോഴാണ് ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ യൂണിഫോം ധരിക്കാം എന്ന നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് ഈ വസ്ത്ര രീതി ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ ആരും പ്രതിഷേധിക്കേണ്ടതില്ലെന്നും ഏതെങ്കിലും ഒരു കുട്ടിക്ക് എതിര്‍പ്പുണ്ടെങ്കിലാണ് എം.എസ്.എഫ് ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ആവേശത്തോടെയാണ് വരവേറ്റതെന്ന് മദര്‍ പി.ടി.എ പ്രസിഡന്റ് അഡ്വ. അഭിജ പറഞ്ഞിരുന്നു.
കുട്ടികളുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഈ ആശയം നടപ്പാക്കുന്നത്. യൂണിഫോം പരിഷ്‌ക്കരണം സ്‌കൂളില്‍ നടപ്പാക്കുമ്പോള്‍ പ്രിന്‍സിപ്പലും അധ്യാപകരും ആദ്യം അഭിപ്രായം ചോദിച്ചത് വിദ്യാര്‍ഥികളില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു.