തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ളമുസ്‌ലിയാരെ പിന്തുണച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. എം.ടി. ഉസ്താദിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമോഫോബിക് കണ്ടന്റായി സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗീയ സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നവാസിന്റെ പ്രതികരണം.
സാമൂഹിക മാധ്യമത്തിലും, ചാനല്‍ മുറികളിലും കയറി നേതാക്കള്‍ക്കും, പണ്ഡിതന്മാര്‍ക്കും സറ്റഡീ ക്ലാസെടുത്ത് തങ്ങളുടെ വായ്താരികള്‍ കൊണ്ട് നേതാക്കള്‍ ‘നല്ലകുട്ടികള്‍’ ആകുന്നുണ്ടന്ന് പ്രസ്താവിക്കുന്ന അഭിനവ ജലീലുമാരെ തിരിച്ചറിയാന്‍ സമൂഹത്തിന് പക്വതയുണ്ടന്ന് ഇത്തരം വ്യക്തികള്‍ ഓര്‍മ്മയില്‍ വെക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
ആദരണീയനായ എം.ടി. ഉസ്താദിനെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.
മുസ്‌ലിം കുടുംബത്തില്‍ പിറന്ന പെണ്ണായിപ്പോയതിനാല്‍ പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നാണായിരുന്നു ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. 2022ല്‍ എത്തിയിട്ടില്ലാത്ത ‘പണ്ഢിതരത്നങ്ങള്‍’ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെയെന്നും ഷിംന കൂട്ടിച്ചേര്‍ത്തു.
പി.കെ. നവാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സമുദായത്തിലെ പെണ്‍കുട്ടികള്‍ നേടിയെടുത്ത ഈ വിപ്ലവങ്ങള്‍ക്കു പിറകില്‍ പള്ളിയങ്കണങ്ങളിലും, മത പ്രഭാഷണ വേദികളിലും സാത്വികരായ പണ്ഡിതന്മാര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ വിജ്ഞാന കേന്ദ്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
മത വിരോധികളും, ആരാജകവാദികളും പുരോഗമന തോലണിഞ്ഞ് നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്‌ലിം പെണ്‍കുട്ടികളുടെ ഈ നവോത്ഥാനം സാധ്യമായത്.
സി.എച്ചും, സീതി സാഹിബും, ബാഫഖി തങ്ങളും തിരികൊളുത്തുമ്പോള്‍ അവരെ വര്‍ഗ്ഗീയ മുദ്ര കുത്തിയ അതേ പൊതുബോധം തന്നെയാണ് ഇപ്പോഴും നിവര്‍ന്നു നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍ വരെ സമുദായത്തിലെ പെണ്‍കുട്ടികള്‍ എത്തിനില്‍ക്കുന്നത് ഈ സാത്വികരുടെ വിയര്‍പ്പിന്റെ ഫലമാണ്.
മുസ്‌ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വര്‍ണ്ണിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാതെ പോരുന്ന ലിബറല്‍ ധാരകള്‍ എത്രയോ കാലമായി നമുക്കിടയിലുണ്ട്. ഈ ലിബറലുകള്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരമോഗമന വാദിയാകുക എന്നൊരവസരം വീണുകിട്ടിയാല്‍ അതേറ്റുപിടിക്കാന്‍ വെമ്പുന്നവരായി നാം മാറരുത്.
ആദരണീയനായ എം.ടി. ഉസ്താദിനെതിരായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലിഞ്ചിങ് ഒട്ടും നിഷ്‌കളങ്കമായി ഉയര്‍ന്നു വന്നതല്ല. ഒരു ഇസ്ലാമോ ഫോബിക് കണ്ടന്റായി സാമൂഹിക മാധ്യമത്തില്‍ ഇവയെല്ലാം പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയര്‍ന്നുവന്ന ചില വര്‍ഗ്ഗീയ സംഘടനകളാണ്.
തെറ്റുപറ്റുന്നവരെ തിരുത്താന്‍ വേണ്ട ജാഗ്രതയും, ആര്‍ജ്ജവവും, പക്വതയുമെല്ലാം സമുദായത്തെ നയിക്കുന്ന പണ്ഡിത സഭക്കുണ്ട്.
മുമ്പ് ആദരണീയനായ കല്ലായി സാഹിബിന് സംഭവിച്ച അബദ്ധം നേതൃത്വം എത്ര ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തതെന്ന് നമുക്കറിയാവുന്നതാണ്.
എന്നാല്‍ സാമൂഹിക മാധ്യമത്തിലും, ചാനല്‍ മുറികളിലും കയറി നേതാക്കള്‍ക്കും, പണ്ഡിതന്മാര്‍ക്കും സറ്റഡീ ക്ലാസെടുത്ത് തങ്ങളുടെ വായ്താരികള്‍ കൊണ്ട് നേതാക്കള്‍ ‘നല്ലകുട്ടികള്‍’ ആകുന്നുണ്ടന്ന് പ്രസ്താവിക്കുന്ന അഭിനവ ജലീലുമാരെ തിരിച്ചറിയാന്‍ സമൂഹത്തിന് പക്വതയുണ്ടന്ന് ഇത്തരം വ്യക്തികള്‍ ഓര്‍മ്മയില്‍ വെക്കുന്നത് നന്നായിരിക്കും.
ആദരണീയനായ എം.ടി. ഉസ്താദിനെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്.
Content highlights: MSF state president P.K. Navas Supporting Samastha leader Abdulla Musliyar