കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ പട്ടികയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതിനെതിരെ എം.എസ്.എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി. ഇത്തവണ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടിരുന്നെന്നും ലഭിച്ചില്ലെന്നും മുഫീദ തെസ്‌നി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘സംസ്ഥാന നേതൃത്വത്തിനോട് ഞങ്ങള്‍ ഇത്തവണ വനിതാ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ട് സീറ്റെങ്കിലും സ്ത്രീകള്‍ക്ക് വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. ക്യാംപസുകളില്‍ പകുതിയിലധികം വരുന്ന സ്ത്രീകളുടെ വോട്ട് കൊണ്ടാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജയിക്കുന്നത്. ഭാവിയിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.’, മുഫീദ തെസ്‌നി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മുസ്‌ലിം ലീഗ് സ്ത്രീകളെ പരിഗണിക്കാത്ത പ്രശ്‌നമൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ലീഗ് സ്ത്രീകളെ പരിഗണിക്കാറുണ്ട്. എം.എസ്.എഫിന്റെ നാഷണല്‍ വൈസ് പ്രസിഡന്റായി അഡ്വക്കേറ്റ് ഫാത്തിമ താഹിലിയ ഉണ്ട്. അതുപോലെ സംസ്ഥാന ഭാരവാഹികളിലും സ്ത്രീകള്‍ ഉണ്ടാകണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും മുഫീദ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നേരത്തെ ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുഫീദ തെസ്‌നിയുടെ ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയായിരുന്നു.
”കൊറോണ വന്നാല്‍ എല്ലാരേയും പിടിക്കും. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും വീട്ടില്‍ ഇരിക്കേണ്ടി വരും. ഇടക്കൊന്നു അടുക്കളയിലേക്ക് എത്തിനോക്കിയാല്‍ മുളക് കണ്ണില്‍ തേക്കാന്‍ മാത്രമല്ല കറിയില്‍ ഇടാനും ഉപയോഗിക്കാമെന്ന് മനസ്സിലാക്കാം. കൊറോണക്കാലം കഴിഞ്ഞാലും പെണ്ണുങ്ങള്‍ വീട്ടില്‍ തുടരട്ടെ. വോട്ട് ചെയ്യാന്‍ മാത്രം പുറത്തിറങ്ങിയാല്‍ മതി. വീട്ടില്‍ വോട്ട് എന്ന സംവിധാനം കൊണ്ടുവന്നാല്‍ അത്രയും നന്ന്.”-എന്നായിരുന്നു മുഫീദയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എം.എസ്.എഫ് സംസ്ഥാന ഭാരവാഹിപ്പട്ടികയില്‍ പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തണമെന്ന് സംഘടനയുടെ വനിതാ വിഭാഗമായ ഹരിത ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാല്‍, 18 അംഗ പട്ടികയില്‍ ഒരു പെണ്‍കുട്ടിപോലുമില്ല.
WATCH THIS VIDEO: