ജിയോ ബേബി വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുന്നു; ഫാറൂഖ് കോളേജിന് പിന്തുണയുമായി എം.എസ്.എഫ്
Kerala News
ജിയോ ബേബി വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുന്നു; ഫാറൂഖ് കോളേജിന് പിന്തുണയുമായി എം.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th December 2023, 7:11 pm

കോഴിക്കോട്: ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് അത് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്.

ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബിന്റെ പരിപാടിയിൽ ഉദ്ഘാടകനായി തന്നെ ക്ഷണിച്ച ശേഷം പരിപാടി റദ്ദ് ചെയ്തുവെന്ന ജിയോ ബേബിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു പി.കെ. നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

‘ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്.
വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്.
കുടുംബം ഒരു മോശം സ്ഥലമാണ്.

എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)

ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്.

തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്,’ പി.കെ. നവാസ്ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫാറൂഖ് കോളേജിന് പിന്തുണ പ്രഖ്യാപിക്കുന്നതായും പി.കെ. നവാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കോഴിക്കോട് എത്തിയതിന് ശേഷമാണ് പരിപാടി ക്യാൻസൽ ചെയ്തതായി താൻ അറിയുന്നതെന്നും സോഷ്യൽ മീഡിയയിൽ അടക്കം പോസ്റ്റർ റിലീസ് ചെയ്ത പരിപാടി പെട്ടെന്ന് മാറ്റിവെച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് പ്രിൻസിപ്പലിന് മെയിൽ അയച്ചെങ്കിലും മറുപടി നൽകിയില്ലെന്നും ജിയോ ബേബി പറഞ്ഞിരുന്നു.

തന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരായതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കില്ലെന്ന് അറിയിച്ച് സ്റ്റുഡൻസ് യൂണിയന്റെ കത്ത് തനിക്ക് ഫോർവേഡ് ചെയ്തതായും ജിയോ ബേബി പറഞ്ഞിരുന്നു.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഫാറൂഖ് കോളേജ് അധികൃതരും രംഗത്ത് വന്നു. കോളേജ് വിദ്യാർഥി യൂണിയൻ പരിപാടിയുമായി സഹകരിക്കില്ലെന്നും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചപ്പോൾ അതിഥിക്ക് പ്രയാസമുണ്ടാക്കാതിരിക്കാൻ പരിപാടി തത്കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കോളേജിന്റെ വിശദീകരണം.

പരിപാടിയിൽ നിന്ന് ജിയോ ബേബിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് കോർഡിനേറ്റർ രാജി വെച്ചിരുന്നു.

Content Highlight: MSF President PK Navas supports Farook College union against Jeo Baby