സമസ്തയുടെ പാരമ്പര്യത്തിന് അപവാദം; ഉമർ ഫൈസി മുക്കത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എം.എസ്.എഫ് നേതാവ്
Kerala News
സമസ്തയുടെ പാരമ്പര്യത്തിന് അപവാദം; ഉമർ ഫൈസി മുക്കത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എം.എസ്.എഫ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 7:43 pm

തിരുവന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എം.എസ്.എഫ് നേതാവ്. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ. നജാഫാണ് ഉമര്‍ ഫൈസിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

സമസ്തയുടെയുടെയും മുശാവറയുടെയും പാരമ്പര്യത്തിന് കര്‍മ്മം കൊണ്ടും ശബ്ദം കൊണ്ടും ഉമര്‍ ഫൈസി അപവാദമാണെന്ന് നജാഫ് ഫേസ്ബുക്കില്‍ കുറിച്ചു. ലാഭേച്ഛയില്ലാതെയാണ് സമസ്ത മുശാവറ അംഗങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളതെന്നും വ്യക്തിതാത്പര്യമാണ് ഉമര്‍ ഫൈസിക്കെന്നും നജാഫ് കൂട്ടിച്ചേര്‍ത്തു.

‘പരസ്പര വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ച് നിന്ന് നവോത്ഥാനം സാധ്യമാക്കിയ സമാന്തര പ്രസ്ഥാനങ്ങളാണ് ലീഗും സമസ്തയും. മറ്റ് പ്രസ്ഥാനങ്ങള്‍ ചേര്‍ത്ത് നിര്‍ത്തി നയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും ഒരു ചുവട് കൂടുതല്‍ സമസ്തയോട് അടുത്ത് നില്‍ക്കുന്നത് ഈ മതിലുകള്‍ ഇല്ലാതെ ആശയം വരച്ചും, മിനുറ്റ്‌സ് ബുക്ക് മാത്രം മാറ്റി രണ്ട് യോഗങ്ങളും നടത്തിയ പാരമ്പര്യം വെച്ച് കൊണ്ട് തന്നെയാണ്. ഈ പാരസ്പര്യത്തിന് കളങ്കം ഉണ്ടാക്കുന്ന ഒരു വാചകവും സമൂഹ നന്മ ആഗ്രഹിക്കുന്ന ആരും ചെയ്യുന്ന ഒന്നല്ല,’ നജാഫ് പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.എം.എ സലാമിനെ മാറ്റണമെന്ന ആവശ്യവുമായി ഉമർ ഫൈസി മുക്കം നിരവധി തവണ രം​ഗത്തെത്തിയിരുന്നു. ഞായറാഴ്ചയും ഇതേ ആവശ്യം അദ്ദേഹം ആവർത്തിച്ചു.

ലീ​ഗും സമസ്തയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം പി.എം.എ. സലാം ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. പറ്റിയ തെറ്റ് തിരുത്തുന്നതാണ് മുസ്‌ലിം ലീഗിന് നല്ലതെന്ന് ഉമര്‍ ഫൈസി മനോരമ ന്യൂസിനോട് പ്രതികരിച്ചു. എൽ.ഡി.എഫ് നേതാവ് എം.വി. ജയരാജനുമായി അടുത്തിടെ അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എം.വി. ജയരാജനുമായി നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നാണ് ഉമർ ഫൈസി പറഞ്ഞത്. ജയരാജന്‍ എത്തിയത് നന്ദി പറയാനാണെന്നും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ജയരാജനുമായി ഒരു രാഷ്ട്രീയ ബന്ധവുമില്ല. ഇടതുപക്ഷം നടത്തിയ പല പരിപാടികളിലും പ്രത്യേകിച്ച് സി.എ.എ, ഏകീകൃത സിവില്‍കോഡ് തുടങ്ങിയവയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പരം ബന്ധങ്ങളൊന്നും ജയരാജനുമായി തനിക്കില്ല. സമസ്തയ്ക്ക് രാഷ്ട്രീയമില്ലെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേർത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി എല്‍.ഡി.എഫ് അനുകൂല നിലപാടെടുത്ത് ഉമർ ഫൈസി രം​ഗത്തെത്തിയതും ചർച്ചകൾക്ക് കാരണമായിരുന്നു.

Content Highlight: MSF leader with Facebook post against Umar Faizi Mukkam