'വായില്‍ തോന്നുന്നത് വിളിച്ചു പറഞ്ഞാല്‍ നേതാവാകില്ല'; നാദാപുരമല്ല ഫറൂഖ് കോളജാണ് മോഡലെന്നു പറഞ്ഞ എം.എസ്.എഫ് നേതാവിന് അണികളുടെ പൊങ്കാല
Kerala
'വായില്‍ തോന്നുന്നത് വിളിച്ചു പറഞ്ഞാല്‍ നേതാവാകില്ല'; നാദാപുരമല്ല ഫറൂഖ് കോളജാണ് മോഡലെന്നു പറഞ്ഞ എം.എസ്.എഫ് നേതാവിന് അണികളുടെ പൊങ്കാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2017, 9:51 am

കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനുള്ള പോസ്റ്ററില്‍ സ്ഥാനാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ ചിത്രം ഒഴിവാക്കിയത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തില്‍ പ്രതികരണവുമായി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫ് അലി രംഗത്തെത്തിയിരുന്നു. തലയ്ക്കകത്ത് ആള്‍ത്താമസമില്ലാത്ത ഏതോ വിഡ്ഢിയുടെ ഉല്‍പ്പന്നം മാത്രമാണ് ആ പോസ്റ്ററെന്നും ലീഗിന്റേയോ എം.എസ്.എഫിന്റെയോ നിലപാടല്ലതെന്നുമായിരുന്നു അഷ്‌റഫലിയുടെ വിശദീകരണം.

എന്നാല്‍ അഷ്‌റഫലിയുടെ നിലപാടിനെതിരെ ശക്തമായ പ്രതികരണമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള അഷ്‌റഫലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴെ വിയോജിപ്പറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

വിഡ്ഢികളുടെ കൂട്ടത്തിലെ ഒരുവനാണ് ഈ ഞാനും എന്നറിയാം. എന്നാലും പറയുകയാണ് ഉത്തരവാദിത്വ സ്ഥാനത്തിരുന്ന് താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നവ മാധ്യമങ്ങളിലൂടെ ഇങ്ങനെ അവഹേളിക്കുന്നത് ഒരു ദേശീയ നേതാവിന് ചേര്‍ന്നതല്ല എന്ന് അങ്ങ് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. വിയോജിപ്പുകള്‍ നിലപാടുകളോടാണ്. തിരുത്തുമെന്ന് കരുതുന്നു. എന്നായിരുന്നു ഷാനവാസ് എന്നയാളുടെ കമന്റ്.


Also Read:  ‘മുസ്‌ലിം പെണ്‍കുട്ടിയുടെ ചിത്രത്തിന് പകരം പര്‍ദ്ദ, ഹിന്ദു പെണ്‍കുട്ടിയ്ക്ക് പകരം മുടി’; പെണ്‍കുട്ടികള്‍ക്ക് മുഖമില്ലാതെ ‘വിവേചന രഹിത’ വിദ്യാഭ്യാസ മുദ്രാവാക്യവുമായി എം.എസ്.എഫിന്റെ പോസ്റ്റര്‍


ഞാനും ആഷ്‌റഫലി പ്രതിനിധാനം ചെയ്യുന്ന മേഖലയിലെ ഒരു ലീഗ് പ്രവര്‍ത്തകനും വോട്ടറുമാണ്. ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ ഇനി കാണിച്ചാല്‍ അവനെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. മുസ്ലിം ലീഗിനും അതിന്റെ പോഷക ഘടകങ്ങള്‍ക്കും ഒരിക്കലും മായ്ച്ചു കളയാനാവാത്ത ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് ഇന്നും ഇവനെപ്പോലെയുള്ള പന്നി തിന്ന തലച്ചോറുള്ളവര്‍ക്ക് വോട്ട്‌ചെയ്യുന്നത്. അല്ലാതെ ഇവന്റെയൊന്നും കുലമഹിമ കണ്ടിട്ടല്ല. ഇതായിരുന്നു ശിഹാബ് മാളിയക്കല്‍ എന്നയാളുടെ പ്രതികരണം.


Also Read: നാദാപുരത്തെ പെണ്‍കുട്ടികളുടെ ഫോട്ടോയില്ലാത്ത പോസ്റ്റര്‍ തലക്കകത്ത് ആള്‍ താമസമില്ലാത്ത വിഡ്ഢിയുടെ ഉല്‍പ്പന്നം; അത് എം.എസ്.എഫ് നിലപാടല്ലെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്


ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തകരാണ് വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോളേജിലെ പ്രവര്‍ത്തകരെ തലയ്ക്കകത്ത് ആള്‍പ്പാര്‍പ്പില്ലാത്തവരെന്ന് വിളിച്ചതിനെതിരെയാണ് പ്രതിഷേധം ആളിക്കത്തുന്നത്.