| Friday, 13th August 2021, 7:26 pm

'ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് എന്റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും നിന്നുതരാം';ഹരിതയ്ക്ക് എം.എസ്.എഫ് നേതാവിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഹരിത നേതാക്കളുടെ പരാതിയില്‍ മറുപടിയുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് തന്റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും താന്‍ നിന്നുതരാമെന്നും നവാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

പാര്‍ട്ടിയിലെ സെലിബ്രിറ്റികളുടെ ആലയില്‍ ഇരിക്കേണ്ട ഗതികേടൊന്നും തനിക്ക് വന്നിട്ടില്ലെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണമെന്നും നവാസ് ആരോപിച്ചു.

ഈ പാര്‍ട്ടി എനിക്ക് നല്‍കിയ രാഷ്ട്രീയ വിദ്യാഭ്യസം സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തില്‍ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ്. അതിന് പാര്‍ട്ടിയിലെ സെലിബ്രിറ്റികളുടെ ആലയില്‍ ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല. എന്റെ ജീവിതപരിസരം ഒരു പുസ്തകം കണക്കെ തുറന്നു വെച്ചതാണ്. അതറിയുന്നവരുടെ മനസ്സാക്ഷിക്ക് താന്‍ ബാക്കിയെല്ലാം വിടുന്നെന്നും നവാസ് പറഞ്ഞു.

ഈ വിഷയത്തില്‍ സംഘടനാപരമായ തീരുമാനം മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈക്കൊള്ളും. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെള്ളം ചേര്‍ത്ത് കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടന്നത് പരമമായ സത്യമാണെന്നും നവാസ് ആരോപിച്ചു.

ഹരിതയിലെ നേതാക്കള്‍ പരാതി നല്‍കിയെന്ന് വനിതാകമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ചാണ് പി. കെ. നവാസ്, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ ഭാരവാഹികള്‍ പരാതി നല്‍കിയത്.

മോശം പദപ്രയോഗങ്ങള്‍ നടത്തി അപമാനിച്ചതായാണ് ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഹരിത ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ഹരിത ഭാരവാഹികള്‍ പറയുന്നു.

കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ ‘വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്ന പരാമര്‍ശമാണ് പരാതി നല്‍കാന്‍ കാരണമായത്.

‘എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെയാണ് ആണ്‍ നേതാക്കള്‍ ചിത്രീകരിക്കുന്നത്. മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി. അബ്ദുള്‍ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചു’, എന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ നവാസിനും അബ്ദുല്‍ വഹാബിനുമെതിരെ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട പരാതിയാണ് വനിത കമ്മീഷന്‍ മുന്‍പാകെ നല്‍കിയിരിക്കുന്നത്.

ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി സംബന്ധിച്ച് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. മുസ്‌ലിം ലീഗ് സംസ്ഥാന സമിതിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഹരിതയുടെ ഈ നടപടി ലീഗ് നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

പി.കെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,

ഹരിതയിലെ ചില സഹപ്രവര്‍ത്തകര്‍ വനിത കമ്മീഷന് എന്നെ സംബന്ധിച്ച് പരാതി നല്‍കിയത് ശ്രദ്ധയില്‍ പെട്ടു. ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണം എന്നാണ് മനസ്സിലാക്കുന്നത്. കൂടുതലായി ഈ വിഷയങ്ങളെ പൊതുമധ്യത്തില്‍ വിശദീകരിക്കാത്തത് പാര്‍ട്ടിയുടെ അച്ചടക്കങ്ങളെ ബഹുമാനിക്കുന്നത് കൊണ്ടാണ്.
ഈ കാണുന്നത് ഏതെങ്കിലും വികാരങ്ങളുടെ പുറത്ത് എടുത്ത് ചാടുന്ന ഒരുകൂട്ടമല്ല.

കൃത്യമായ അജണ്ടകളാണ് ഇത്തരം ആളുകളെ നയിക്കുന്നത്. മഹാഭാരത ചരിത്രത്തിലെ കുരുക്ഷേത്ര യുദ്ധം ഓര്‍മ്മപെടുത്തും വിധം ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് എന്റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും ഞാന്‍ നിന്നുതരാം. പക്ഷെ ഒരു സമൂഹത്തിന്റെ ജിഹ്വയായ മഹത്തായ ഈ പ്രതലത്തില്‍ നിങ്ങള്‍ നില്‍ക്കുമ്പോള്‍ താഴെ കെട്ടുറപ്പ് നല്‍കിയ ആ മണ്ണ് മുഴുവന്‍ ഒലിച്ചുപോകാതെ നോക്കണം.

ഈ പാര്‍ട്ടി എനിക്ക് നല്‍കിയ രാഷ്ട്രീയ വിദ്യാഭ്യസം സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തില്‍ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ്. അതിന് പാര്‍ട്ടിയിലെ സെലിബ്രിറ്റികളുടെ ആലയില്‍ ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല. എന്റെ ജീവിതപരിസരം ഒരു പുസ്തകം കണക്കെ തുറന്നു വെച്ചതാണ്. അതറിയുന്നവരുടെ മനസ്സാക്ഷിക്ക് ഞാന്‍ ബാക്കിയെല്ലാം വിടുന്നു.

ഈ വിഷയത്തില്‍ സംഘടനാപരമായ തീരുമാനം മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈ കൊള്ളും. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെള്ളം ചേര്‍ത്ത് കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടന്നത് പരമമായ സത്യമാണ്. സമീപ സമയങ്ങളിലെ ഈ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അസത്യ വാര്‍ത്തകള്‍ വായിക്കേണ്ടി വന്ന പ്രിയപ്പെട്ടവര്‍ക്ക് അതു മനസ്സിലാക്കാവുന്നതാണ്.

എനിക്ക് നേരെയുണ്ടായ വിഷയങ്ങളില്‍ നിന്നും ഞാന്‍ മാറി നിന്നിട്ടില്ല. നേതൃത്വം വിളിച്ചു ചേര്‍ത്ത എല്ലാ യോഗങ്ങളിലും സംഘടന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയതും പുള്ളിവിടാതെ നേതാക്കള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയതുമാണ്. കൃത്യമായി പാര്‍ട്ടിയുടെ അന്വേഷണത്തിലുള്ള ഈ വിഷയം തീരുമാനം വരുന്നതിന് മുമ്പേ പുതിയ നീക്കങ്ങള്‍ സംഭവിച്ചതിന്റെ അര്‍ത്ഥം ഇവരുടെ പ്രശ്‌നം നീതിയോ, പരിഹാരമോ, ആദര്‍ശമോ അല്ലാ എന്നതിന്റെ തെളിവാണ്.

ആദര്‍ശത്തെ മുന്‍ നിറുത്തിയ നിയോഗങ്ങളാണ് നയിക്കപ്പെടേണ്ട ഒരോ മനുഷ്യന്റെയും അടിസ്ഥാനം. ഹരിത ഈ കാലത്തിന്റെ ധാരാളം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട എം.എസ്.എഫിന്റെ രാഷ്ട്രീയത്തിന് കരുത്ത് പകരേണ്ട വിഭാഗമാണ്. പണി അറിയാത്തവര്‍ ആയുധത്തെ പഴിക്കുന്നത് പോലെ നേതൃത്വം നല്‍കേണ്ടവര്‍ സംഘടനെയെയും, ആശയങ്ങളെയും പഴിച്ചാല്‍ അതിന്റെ പ്രത്യാഘാതം ചെറുതല്ല.
സഞ്ചി പിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവര്‍ക്ക് മുന്നില്‍ നിവര്‍ന്ന് തന്നെ നില്‍ക്കും.
സത്യം കാലം തെളിയിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

MSF leader PK Navas reply to  Haritha, Women commission

We use cookies to give you the best possible experience. Learn more