തിരുവനന്തപുരം: കെ.കെ. രമ എം.എല്‍.എക്കെതിരെ എം.എം.മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിതകണവുമായി എം.എസ്.എഫ് നേതാവ് നജ്മ തബ്ഷീറ. വണ്‍ ടൂ ത്രീയെന്നെണ്ണി സി.പി.ഐ.എം വെട്ടിവീഴ്ത്തിയ സകല മനുഷ്യരുടെയും വിധവകളുടെ കരുത്തില്‍ കെ.കെ. രമ ഇനിയും സംസാരിക്കുമെന്ന് നജ്മ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
കെ.കെ. രമ വെറുതെ വിധവയായതല്ല, അതവരുടെ വിധിയുമല്ല!
മുമ്പും എം.എം. മണിയുടെയും,പിണറായി വിജയന്റെയും,കോടിയേരി ബാലകൃഷ്ണന്റെയും പാര്‍ട്ടിയെ ‘ജനാധിപത്യത്തിന്റെ കശാപ്പുകാരെന്ന്’ ഉറക്കെ പറഞ്ഞതുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊല്ലാന്‍ നിങ്ങള്‍ ആളെ വിട്ടത്.
അതേ ആവേശത്തില്‍ പാര്‍ട്ടി ലിസ്റ്റ് തയ്യാറാക്കി ആളെ കൊല്ലാറുണ്ടെന്ന് വിളിച്ചുപറഞ്ഞതും നിങ്ങളാണ്.
അതെ, രമ മാത്രമല്ല, മറ്റനേകം പേരെ വിധവകളാക്കിയിട്ടുണ്ടെന്നു അഭിമാനത്തോടെ പറയാന്‍ ഇന്നും നിങ്ങള്‍ക്കു സാധിക്കും. അതിനു നിങ്ങളെ പ്രാപ്തമാക്കുന്ന പ്ലാറ്റ്‌ഫോമിന്റെ പേരാണല്ലോ സി.പി.ഐ.എം!
ആ സി.പി.ഐ.എമ്മിനെതിരെ വ്യക്തമായ രാഷ്ട്രീയം പറഞ്ഞു വടകരയില്‍ നിന്നു ജയിച്ച്,
ഇന്ന് ഏറ്റവുമൊടുവില്‍ പിണറായിയുടെ പൊലീസ് പടയെ ‘കുത്തഴിഞ്ഞ ആള്‍ക്കൂട്ടമെന്നും’
സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ‘സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ’യെന്നും പറഞ്ഞ് നിയമസഭക്കകത്തു എതിരിടുമ്പോള്‍
നിങ്ങള്‍ക്കവര്‍ വിധവയും, അവര്‍ വരുത്തിവെച്ച വിധിയുമാവുന്നത് നിങ്ങളുടെ ഭയം കൊണ്ടാണെന്നും നജ്മ പറഞ്ഞു.
പെണ്ണൊരുത്തി എഴുന്നേറ്റു നിന്ന് നിങ്ങള്‍ക്കെതിരെ ചൂണ്ടുവിരലുയര്‍ത്തുമ്പോള്‍ മുട്ടു കൂട്ടിയിടിക്കുന്നതിന്റെ ജാള്യത മറക്കാനുള്ള കേവല ഭീഷണിശ്രമം.
വണ്‍ ടൂ ത്രീയെന്നെണ്ണി നിങ്ങള്‍ വെട്ടിവീഴ്ത്തിയ സകല മനുഷ്യരുടെയും വിധവകളുടെ കരുത്തില്‍ കെ.കെ. രമ ഇനിയും സംസാരിക്കും.
അതിനെ എതിരിടാന്‍ ‘നാടന്‍ മണിയുടെ നാടന്‍ പേശ്’ എന്ന പരിച മതിയാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിരന്തരം വേട്ടയാടുകയാണെന്നും പക്ഷേ തളര്‍ത്താമെന്ന് കരുതണ്ടെന്നായിരുന്നു വിഷയത്തില്‍ രമയുടെ പ്രതികരണം. സി.പി.ഐ.എമ്മുകാര്‍ നടപ്പിലാക്കുന്ന ‘വിധി’വെട്ടി നുറുക്കി കൊന്ന് കളഞ്ഞിട്ടും വീണ്ടും വീണ്ടും ആ കുടുംബങ്ങളെ അപമാനിച്ച് രസിക്കുന്ന ആ പാര്‍ട്ടി രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് പറയാതെ വയ്യെന്ന് വിഷയത്തില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഫേസ്ബുക്കില്‍ എഴുതി. എം.എം. മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്നായിരുന്നു വി.ഡി. സതീശന്റെ വിമര്‍ശനം.
‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എം.എം. മണിയുടെ പ്രസംഗം.
CONTENT HIGHLIGHTS: MSF leader Najma Tabsheera criticized MM Mani for his remarks against K.K. Rama MLA in the assembly