കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തെഹ്‌ലിയ.
തന്റേതായ പ്രതിഭകള്‍ ലോകത്തിന് മുന്നിലവതരിപ്പിച്ച് മുന്നോട്ട് വരുന്ന മുസ്‌ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്തുനിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് ഫാത്തിമ പറഞ്ഞു.
അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണമെന്നും വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഫാത്തിമ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ച് ഇറക്കിവിട്ടത്.
‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്‌ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.
ഫാത്തിമ തെഹലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകള്‍ ലോകത്തിനു മുന്നിലവതരിപ്പിച്ചു കയ്യടി നേടുന്ന ഒരുപാട് മുസ്‌ലിം പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍. ന്യായാധിപരായും, ഐ.എ.എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നു.
ഇത്തരം മുസ്‌ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണം. വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.
Content High;ight: MSF leader Fatima Tehlia criticizes ek Samastha leader Abdullah Musliar who insulted 10th class student in public