| Tuesday, 7th December 2021, 1:27 pm

മുസ്‌ലിം സമുദായത്തെ സുന്നി- സുന്നിയിതര രീതിയില്‍ തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി. ജലീല്‍ നടത്തുന്നത്: ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാര്‍കാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീല്‍ പയറ്റുന്നതെന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം.

വിഭിന്നമായ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ മുസ്‌ലിം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മുസ്‌ലിം സമുദായത്തെ സുന്നി- സുന്നിയിതര എന്ന രീതിയില്‍ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി. ജലീല്‍ നടത്തിപ്പോരുന്നതെന്ന് അവര്‍ പറഞ്ഞു.

ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ.ടി. ജലീല്‍ സമുദായത്തിന് ബാധ്യതയായി മാറുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ലീഗ് നിലപാടിനെതിരെ കെ.ടി. ജലീല്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ കൂടിയാണ് തഹ്‌ലിയയുടെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

സമസ്തയിലെ തന്നെ ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം എന്നതായിരുന്നു വിഷയത്തില്‍ കെ.ടി. ജലീല്‍ പ്രതികരിച്ചിരുന്നത്.

അതേസമയം, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വാശിയില്ലെന്നും വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: MSF leader Fatima Tahliya criticizes KT JALEEL

We use cookies to give you the best possible experience. Learn more