തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ച് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ.
അതിജീവിതക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നല്‍കിയ ഉറപ്പ് പോലെയാകാതിരിക്കട്ടെ എന്ന് തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘അക്രമം അതിജീവിച്ച നടിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നല്‍കിയ ഉറപ്പ് പോലെയാകാതിരിക്കട്ടെ,’ എന്നാണ് തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.
മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടിയില്‍ വളരെ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം അതിജീവിത പ്രതികരിച്ചിരുന്നു. വലിയൊരു ഉറപ്പാണ് അദ്ദേഹം നല്‍കിയതെന്നും അതില്‍ താന്‍ തൃപ്തയുമാണെന്നും നടി അറിയിച്ചു.
സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹത്തെ കാര്യങ്ങള്‍ കൃത്യമായി ധരിപ്പിക്കാന്‍ സാധിച്ചതായും അതിജീവിത പറഞ്ഞു.
സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രിമാരുടെ വിമര്‍ശനത്തില്‍ ഒന്നും പറയാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് പേജുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതായും നടി പറഞ്ഞു. മുഖ്യമന്ത്രിയുമായി സെക്രട്ടറിയേറ്റില്‍ കൂടിക്കാഴച നടത്തി ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് നടിയുടെ പ്രതികരണം.
കേസിലെ ചില ആശങ്കകള്‍ കോടതിയില്‍ ഉന്നയിക്കുകയായിരുന്നു. അത് സര്‍ക്കാരിനെതിരെ എന്ന നിലയില്‍ കണ്‍വേ ചെയ്യപ്പെട്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.
ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിട്ടോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേസന്വേഷണം സംബന്ധിച്ച ആശങ്കകള്‍ മുഖ്യമന്ത്രിയുമായി നടി പങ്കുവെച്ചു.