| Friday, 1st July 2022, 10:40 pm

വാഴ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രാജ്യത്തെയാണോ ബനാന റിപ്പബ്ലിക് എന്ന് വിളിക്കുന്നത്? മുഖ്യമന്ത്രിക്കെതിരെ ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതികരണവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. വാഴ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രാജ്യത്തെയാണോ ബനാന റിപ്പബ്ലിക് എന്ന് വിളിക്കുന്നതെന്ന് തെഹ്‌ലിയ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞിട്ട് 24 മണിക്കൂറാകാന്‍ പോകുന്നു. ഇതുവരേയ്ക്കും പ്രതിയെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ല. വാഴ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രാജ്യത്തെയാണോ ബനാന റിപ്പബ്ലിക് എന്ന് വിളിക്കുന്നത്?,’ ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

അതേസമയം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറും പ്രതികരിച്ചു. സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖമോ ബൈക്കിന്റെ നമ്പറോ വ്യക്തമല്ല. സ്‌ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാള്‍ മടങ്ങിയ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല.

എ.കെ.ജി സെന്ററില്‍ നിന്ന് കുന്നുകുഴി വരെയുള്ള റോഡിലെ സി.സി.ടി.വികള്‍ പൊലീസ് പരിശോധിക്കും. പ്രതി ബൈക്കില്‍ എ.കെ.ജി സെന്ററിലേക്ക് എത്തിയതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണ്. ഈ വഴിയൂടെ എ.ഡി.ജി.പി വിജയ് സാക്കറെ പരിശോധന നടത്തി. ഇതിനുശേഷമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്.സംഭവത്തില്‍ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യയും സ്ഥലം സന്ദര്‍ശിച്ചു.

CONTENT HIGHLIGHTS:  MSF leader Fathima Thahlia reacts to the non-arrest of the accused in the bombing of AKG Centre.

We use cookies to give you the best possible experience. Learn more