കോഴിക്കോട്: ക്ലാസില്‍ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ച് ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സി.പി.ഐ.എം പയറ്റിയതെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.
‘ക്ലാസില്‍ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സി.പി.ഐ.എം പയറ്റിയത്.
നിയുക്ത സ്പീക്കര്‍ എ.എന്‍ ഷംസീറിന് അഭിനന്ദനങ്ങള്‍!’ എന്നാണ് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, നിയമസഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെ വിലപ്പെട്ട അനുഭവമാണെന്ന് എം.ബി. രാജേഷ് പറഞ്ഞു.
‘കേരള നിയമസഭ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിയമസഭകളില്‍ ഒന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മേളിച്ചതിനേക്കാള്‍ കേരള നിയമസഭ സമ്മേളിക്കുകയുണ്ടായി. നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ അങ്ങേ അറ്റത്തെ അവധാനത പുലര്‍ത്തുന്ന നിയമസഭയാണ് കേരളത്തിന്റേത്. അങ്ങനെ ഒരു സഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വളരെ വിലപ്പെട്ട അനുഭവമാണ്,’ എം.ബി. രാജേഷ് പറഞ്ഞു.
നിലവില്‍ സ്പീക്കറായ എം.ബി. രാജേഷിനെ മന്ത്രിയാക്കാനും, പകരം എ.എന്‍. ഷംസീര്‍ സ്പീക്കറാക്കാനും വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനമായത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു.
എം.ബി. രാജേഷിന്റെ വകുപ്പ് തീരുമാനമായിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.