Advertisement
Kerala News
ആര്‍.എസ്.എസിനോട്, നിങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ട ഗതികേടൊന്നും ലീഗിന് വന്നിട്ടില്ല: ഫാത്തിമ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 18, 12:44 pm
Saturday, 18th March 2023, 6:14 pm

കോഴിക്കോട്: മുസ്‌ലിം ലീഗിന് ആര്‍.എസ്.എസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ട ഗതികേട് വന്നിട്ടില്ലെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. മുസ്‌ലിം ലീഗിന് തീവ്രവാദ നിലപാടില്ലെങ്കിലും വര്‍ഗീയ താല്‍പര്യമുണ്ടെന്ന ആര്‍.എസ്.എസിന്റെ പുതിയ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അവര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്ന ആര്‍.എസ്.എസിനോട് പറയാനുള്ളത്.
നിങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ട ഗതികേട് ഒന്നും ലീഗിന് വന്നിട്ടില്ല.’ ഫാത്തിമ തഹ്‌ലിയ എഴുതി.

അതേസമയം, ലീഗിന് വര്‍ഗീയ താല്‍പര്യമുണ്ടെന്ന് പറഞ്ഞ
ആര്‍.എസ്.എസ് നേതൃത്വം, പാര്‍ട്ടിയിലെ സിറ്റിങ് എം.എല്‍.എ ഉള്‍പ്പടെയുള്ളവരുമായി ആശയസംവാദം നടത്തിയിതിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ക്രൈസ്തവ സമൂഹത്തിന് ആര്‍.എസ്.എസിനെ ഭയമില്ലെന്നും പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ കൊച്ചിയില്‍ പറഞ്ഞു.

‘കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുമായി ചര്‍ച്ചക്ക് തയ്യാറാണ്. ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ആര്‍.എസ.എസിനെ കുറിച്ച് ഭയമില്ല. സഭാ നേതൃത്വവുമായുള്ള ആശയ വിനിമയത്തിനായി സംസ്ഥാന- ജില്ലാ തലത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്,’ പി.എന്‍. ഈശ്വരന്‍ പറഞ്ഞു.