| Thursday, 6th January 2022, 11:26 pm

യൂസഫലിക്ക് എല്ലാം കച്ചവടമാകും, പക്ഷേ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെ അപഹസിക്കരുത്; രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതിന് പിന്നാലെ മോദിക്ക് പ്രാര്‍ഥനാ സന്ദേശവുമായി എത്തിയ മലയാളി വ്യവസായി എം.എ. യൂസഫലിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ്.

രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെ പരിഹസിക്കുകയാണ് യൂസഫലി ചെയ്യുന്നതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്‌റഫലി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ജനവിരുദ്ധ നിയമങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രതിഷേധവും സമരവുമുണ്ടാവും. അതാണ് ജനാധിപത്യത്തിന്റെ സവിശേഷത. രാജ്യം കണ്ട ഉജജ്വല സമരമായ ആ കര്‍ഷക സമരം വഴി ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ് മോദി.

താങ്കളുടെ ഈ മോദി സ്തുതിഗീതം വഴി മഹത്തായ കര്‍ഷകസമരത്തെയും, രാജ്യത്തെ വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കള്‍ പരിഹസിക്കുകയാണ്,’ ടി.പി. അഷ്‌റഫലി കുറ്റപ്പെടുത്തി.

യൂസഫലിക്ക് എല്ലാം കച്ചവടമാകും. ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോദിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും എന്നാല്‍ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരില്‍ കര്‍ഷകര്‍ തടഞ്ഞ സംഭവത്തിലാണ്  പ്രതികരണവുമായി യൂസഫലി രംഗത്തുവന്നത്.

‘പഞ്ചാബില്‍ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് യാത്ര തടസ്സപ്പെട്ടത് വളരെ സങ്കടകരവും നിര്‍ഭാഗ്യകരവുമാണ്. നമ്മുടെ രാജ്യത്തെ തുടര്‍ന്നും നയിക്കാനും വരും തലമുറയ്ക്ക് സമൃദ്ധിയുണ്ടാകാനും പ്രധാനമന്ത്രിയ്ക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കാന്‍ ഞങ്ങള്‍ പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു,’ യൂസഫലി ട്വിറ്ററില്‍ കുറിച്ചിരുന്നത്.

ടി.പി. അഷ്‌റഫലിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട യൂസഫലി സാഹിബ്,
ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയില്‍ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്തെ താങ്കളുടെ സഹായങ്ങള്‍ കണ്ട് സ്‌നേഹവും ബഹുമാനവുമുണ്ട്.എന്നാല്‍ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളുമായി വന്ന് വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്.
താങ്കള്‍ക്ക് എല്ലാം കച്ചവടമാകും. ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോദിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരുംഎന്നാല്‍ വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല.

മോദിയെ പഞ്ചാബില്‍ തടഞ്ഞവര്‍ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെല്‍പാടങ്ങള്‍ അവര്‍ക്ക് നല്‍കണം, ഞങ്ങള്‍ ഈ മണ്ണിന്റെ ഉടമകളായ കര്‍ഷകരാണെന്ന് പറഞ്ഞാണ്.പ്രാര്‍ത്ഥന നടത്താന്‍ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ള സമരം. അതില്‍ രാഷ്ട്രീയം മറന്നു പ്രാര്‍ത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.

ജനവിരുദ്ധ നിയമങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിന്റെ സവിശേഷത.രാജ്യം കണ്ട ഉജജ്വല സമരമായ ആ കര്‍ഷകസമരം വഴി ജനങ്ങള്‍ക്ക് മുന്നില്‍ മുട്ട്കുത്തിയിരിക്കുകയാണ് മോദി.താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കര്‍ഷകസമരത്തെയും, രാജ്യത്തെ വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കള്‍ പരിഹസിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNTENT HIGHLIGHTS: MSF lashes out at Yusuf Ali in ‘Modi’ hymn

We use cookies to give you the best possible experience. Learn more