| Tuesday, 14th December 2021, 9:03 am

ആണിനെ പെണ്ണാക്കലല്ല ജെന്‍ഡര്‍ ന്യൂട്രാലിറ്റി; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഹരിത പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു. ഫേസ്ബുക്കിലൂടെയായിരുന്നു ആയിശ ബാനുവിന്റെ പ്രതികരണം.

പെണ്ണ് എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങള്‍ കീഴടക്കാനുമാണ് കുഞ്ഞുനാള്‍ തൊട്ട് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും പെണ്ണിന്റെ അളവ് കോല്‍ ആണാണെന്ന മിഥ്യാധാരണ മാറേണ്ടതുണ്ടെന്നും ആയിശ ഫേസ്ബുക്കില്‍ കുറിച്ചു.

‘ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന കണ്‍സപ്റ്റില്‍ ആണ്‍കുട്ടികളുപയോഗിക്കുന്ന അതേ വസ്ത്രം തന്നെ വിദ്യാര്‍ത്ഥിനികള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അടിച്ചേല്‍പ്പിക്കലും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്.

മാത്രമല്ല, സെലക്റ്റിവ് സമത്വം സ്ത്രീ എന്ന ഐഡന്റിറ്റിയെ തരം താഴ്ത്തുന്നതിന് തുല്യമാണ്. സമത്വമെന്ന് പറയുമ്പോള്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം ഫോളോ ചെയ്യുക എന്നല്ലല്ലോ,’ ആയിശ ബാനു കുറിപ്പില്‍ പറയുന്നു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പുരോഗമനത്തിന്റെ അടയാളമല്ലെന്നും അത് പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ രീതിയില്‍ വസ്ത്രം ധരിക്കുകയും അതുവഴി ലിംഗസമത്വം ഉറപ്പാക്കാന്‍ സാധിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം അവതരിപ്പിച്ചത് മുതല്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

പെണ്ണിനെ ആണ്‍വേഷം കെട്ടിക്കലാണോ ജെന്‍ഡര്‍ ഇക്വാലിറ്റി എന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ ജന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ച് പറഞ്ഞത്.

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടത്തുന്ന ‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’ പ്രഖ്യാപന പരിപാടി മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കൗതുകമെന്തന്നാല്‍ സച്ചിന്‍ ദേവ് മുണ്ടുടുത്തും ആര്‍. ബിന്ദു സാരിയുടുത്തും നടത്തുന്ന ഈ പരിപാടിയില്‍ പാവം വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്കുമേല്‍ ആണ്‍വേഷം കെട്ടിയേല്‍പ്പിച്ച് ജെന്‍ഡര്‍ ഈക്വാലിറ്റി പ്രഖ്യാപിക്കുയാണ്,’ പി. മുജീബ് റഹ്മാന്‍ പറഞ്ഞു.

വസ്ത്രത്തിലും ഭക്ഷണത്തിലുമുള്ള വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നത് ഏകാത്മക ദേശീയതയുടെ വക്താക്കളായ സഘംപരിവാര്‍ അജണ്ടയാണ്. എത്ര പെട്ടെന്നാണ് സംഘ് അജണ്ട ഇടത് അജണ്ടയായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു

അതേസമയം, സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടത്താനൊരുങ്ങുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍. പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ആയിശ ബാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന നിര്‍ബന്ധിത പരിഷ്‌കരണം യഥാര്‍ത്ഥത്തില്‍ അടിച്ചേല്‍പ്പിക്കലാണ് എന്നതിനാല്‍ പൂര്‍ണമായും ഈ കണ്‍സപ്റ്റിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു. സമത്വത്തിന് വേണ്ടിയുള്ള അഭിനയ അരങ്ങുകളാണ് പലയിടങ്ങളിലും കാണപ്പെടുന്നത്. ജെന്റര്‍ ഇക്വാലിറ്റിയെ കുറിച്ചല്ല , തുല്യ നീതിയെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യേണ്ടത്.

‘പെണ്ണ്’ എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങള്‍ കീഴടക്കാനുമാണ് കുഞ്ഞുനാള്‍ തൊട്ട് പഠിപ്പിക്കേണ്ടത്. പെണ്ണിന്റെ അളവ് കോല്‍ ആണാണെന്ന മിഥ്യാധാരണയാണ് മാറേണ്ടത്!

ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന കണ്‍സപ്റ്റില്‍ ആണ്‍കുട്ടികളുപയോഗിക്കുന്ന അതേ വസ്ത്രം തന്നെ വിദ്യാര്‍ത്ഥിനികള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അടിച്ചേല്‍പ്പിക്കലും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. മാത്രമല്ല, സെലക്റ്റിവ് സമത്വം സ്ത്രീ എന്ന ഐഡന്റിറ്റിയെ തരം താഴ്ത്തുന്നതിന് തുല്യമാണ്. സമത്വമെന്ന് പറയുമ്പോള്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം ഫോളോ ചെയ്യുക എന്നല്ലല്ലോ!
ആണാവാന്‍ പെണ്ണ് ശ്രമിക്കുക എന്നതുമല്ല.

ആണ്‍കുട്ടികളുടെ വസ്ത്രം പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് പോലെ പെണ്ണിന്റെ വസ്ത്രം ആണ്‍കുട്ടികളും ധരിക്കുമ്പോഴല്ലേ ഇത്തരത്തിലുള്ള തലതിരിഞ്ഞ സമത്വ കാഴ്ചപ്പാട് പുലരുന്നത്..
അത് പ്രായോഗികമല്ല എന്നത് എല്ലാവര്‍ക്കും അറിയുന്നതുമാണ്.

അതിനാല്‍ സമത്വമെന്നത് ആണ്‍വസ്ത്രം പെണ്ണ് ധരിക്കലാണെന്ന ചിന്ത പോലും അസംബന്ധമാണ്. കൂടാതെ, ഈ ഒരു കണ്‍സെപ്റ്റിനെ ഒരിക്കലും അംഗീകരിക്കാനാവാത്ത വിദ്യാര്‍ത്ഥിനികളുടെ ചോയ്‌സ് ആണ് നിഷേധിക്കപ്പെടുന്നത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. അത് പുരോഗമനത്തിന്റെ അടയാളമല്ല! പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്!
പി.എച്ച് ആയിശ ബാനു

ഹരിത സംസ്ഥാന പ്രസിഡന്റ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MSF Haritha president against Gender Neutral Uniform

We use cookies to give you the best possible experience. Learn more