മലപ്പുറം: ഹരിത നേതാക്കളെ അധിക്ഷേപിച്ച സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ലെന്ന് മുസ്‌ലിം ലീഗ്. ആരോപണ വിധേയരായ എം.എസ്.എഫ് നേതാക്കള്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്ന് ലീഗ് അറിയിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നും ഹരിത നേതാക്കള്‍ പറഞ്ഞിരുന്നു.
എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറയുന്നത്. എം.എസ്.എഫ് നേതാക്കള്‍ക്കും നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച നടപടി പിന്‍വലിക്കുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
ഹരിതയും എം.എസ്.എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ലീഗ് അറിയിച്ചു.
എം.എസ്.എഫിന്റെ ജില്ലാ സംസ്ഥാന കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം പാര്‍ട്ടി ഉറപ്പുവരുത്തുമെന്നും ഇതിനനുസൃതമായി എം.എസ്.എഫ്, ഹരിത ഭരണഘടനകളില്‍ കാലോചിതമായ മാറ്റങ്ങളുണ്ടാക്കുമെന്നും മലപ്പുറം ജില്ലാ ഹരിത കമ്മിറ്റിയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുമെന്നും ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം.
മാപ്പു പറയുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പി.കെ. നവാസ്, നേതൃത്വം മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.
‘ഹരിത’ നേതാക്കളെ എം.എസ്.എഫ് ഭാരവാഹികള്‍ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുസ്‌ലിം ലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറം ലീഗ് ഹൗസില്‍ നടന്ന ചര്‍ച്ച ബുധനാഴ്ച രാത്രി 12 മണിക്കാണ് അവസാനിച്ചത്.
ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.കെ. മുനീര്‍ എം.എല്‍.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് സംസാരിച്ചത്.
‘ഹരിത’ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘ഹരിത’ ഭാരവാഹികള്‍ വനിത കമീഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.
കഴിഞ്ഞ ആഴ്ച ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്, എം.എസ്.എഫ് ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, വി.എ. വഹാബ് എന്നിവരോട് വിശദീകരണവും തേടി.
ജൂണ്‍ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടന സംബന്ധിച്ച് കാര്യങ്ങളില്‍ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്നാണെന്ന് ഹരിത നേതാക്കള്‍ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജില്ല കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കുകയും എം.എസ്.എഫ് നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തത്.