കോഴിക്കോട്: പി.കെ നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായതു കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയതെന്നും ഹരിതയുടെ മുന്‍ നേതാക്കള്‍.
പി.കെ നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേള്‍ക്കാന്‍ തയ്യാറാകണം എന്നതായിരുന്നു ആദ്യഘട്ടത്തില്‍ ഞങ്ങളുടെ അഭ്യര്‍ത്ഥനയെന്നും
ഇ.ടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം തങ്ങള്‍ പരാതിയുമായി സമീപിച്ചിരുന്നെന്നും ഇവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരഞ്ഞു.
നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരികയാണെന്നും ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണെന്നും മുഫീദ തസ്‌നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹരിതയിലുള്ളവര്‍ സ്വഭാവദൂഷ്യം ഉള്ളവരെന്ന് പ്രചരണമുണ്ടായി. പരാതി നല്‍കി 50 ദിവസം കഴിഞ്ഞാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളേയും പരാതി അറിയിച്ചിരുന്നു. ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് പലതവണ അഭ്യര്‍ത്ഥിച്ചു. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. ഞങ്ങളുടെ പരാതി വ്യക്തികള്‍ക്കെതിരെയാണ്. പാര്‍ട്ടിക്ക് എതിരെയല്ല. അങ്ങനെ കണ്ടിരുന്നെങ്കില്‍ പ്രശ്‌നമില്ല.
പരാതി നല്‍കിയതിന് പിന്നാലെ രണ്ട് മീറ്റിങ്ങായിരുന്നു നടന്നത്. രണ്ടും തീരുമാനമായിട്ടല്ല പിരിഞ്ഞത്. പി.എം.എ സലാമിന്റെ അധ്യക്ഷതയിലാണ് ഒരു മീറ്റിങ് നടന്നത്. ഞങ്ങളുടെ ഭാഗം പറഞ്ഞു കഴിഞ്ഞപ്പോള്‍ എല്ലാവരേയും കേട്ടുവെന്നും പിരിഞ്ഞുപോയിക്കോളൂ എന്നുമാണ് പറഞ്ഞത്. നടപടി വേണമെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ ഞങ്ങള്‍ തീരുമാനിക്കും. ഇവിടെ ഇങ്ങനെ ഒക്കെയേ നടക്കൂ എന്ന നിലയില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടിയായിരുന്നു ലഭിച്ചത്.
ആ മീറ്റിങ്ങില്‍ വെച്ച് അവര്‍ ഞങ്ങളോട് പറഞ്ഞത് നിങ്ങള്‍ കോഴിക്കോട് അങ്ങാടിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കാന്‍ വേണ്ടി വരുന്നവരാണ് എന്നാണ്. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന ആളുകളെ കുറിച്ച് വളരെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള് ഇങ്ങനെ പറയുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്.
ഔദ്യോഗിക മീറ്റിങ്ങൊന്നും പിന്നെ ഉണ്ടായിട്ടില്ല. വനിതാ കമ്മീഷനില്‍ പരാതി കൊടുത്തത് ഒരു ക്രൈം ആയിട്ടാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ ചാനലിലോ വനിതാ കമ്മീഷനിലോ പോയിരുന്ന് തീരുമാനമുണ്ടാക്ക്, ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് എന്ന തരത്തിലുള്ള സംസാരമുണ്ടായി. ഇതിന് ഒരുപാട് ആളുകള്‍ സാക്ഷികളാണ്.
ഞങ്ങള്‍ ഉന്നയിച്ച ജെന്‍ഡര്‍ എന്ന പ്രശ്‌നത്തെ, ആത്മാഭിമാനം എന്ന പ്രശ്‌നത്തെ ഉള്‍ക്കൊള്ളാന്‍ പലപ്പോഴും പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഞങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന തരത്തില്‍ ഞങ്ങളെ വീണ്ടും ഇവര്‍ കള്ളികളാക്കിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ചില ഗ്രൂപ്പിന്റെ കണ്ണികളാണ് എന്നൊക്കെയുള്ള പരാമര്‍ശങ്ങളാണ് നടത്തിയത്.
സ്വന്തമായി അഭിപ്രായങ്ങളും നിലപാടുകളുമുള്ള കാര്യങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ള ആളുകള്‍ തന്നെയാണ് ഞങ്ങള്‍ എന്നാണ് വിശ്വാസം.
ഈ അഞ്ച് മാസത്തില്‍ ഞങ്ങള്‍ നേരിട്ട മാനസിക ശാരീരിക വിഷമം ചെറുതല്ല. കഴിഞ്ഞ ദിവസങ്ങളില്‍വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കുകളാണ് നേരിട്ടത്. ഈ അപമാനത്തില്‍ ലീഗ് മറുപടി പറയണം, ഹരിത മുന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: MSF Haritha Former Leaders Press Meet