കോഴിക്കോട്: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത. എം.എസ്.എഫ്. സംസ്ഥാന നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയും ചേര്‍ന്നാണ് അഞ്ച് പേജുള്ള പരാതി നല്‍കിയിരിക്കുന്നത്.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കാണ് ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ എം.എസ്.എഫ്. പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറയുന്നുണ്ട്.
മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയില്‍ വിശദീകരിച്ച ഹരിത സംസ്ഥാന നേതാക്കളുടെ പരാമര്‍ശത്തെ എം.എസ്.എഫ്. പ്രസിഡന്റ് പി.കെ. നവാസ് ‘വേശ്യയുടെ ചാരിത്ര്യ പ്രസംഗം’ എന്നാണ് വിശേഷിപ്പിച്ചത്. വേശ്യക്കും ന്യായീകരണം ഉണ്ടാവുമെന്ന തലത്തില്‍ ഹരിതയോട് വിശദീകരണം ആവശ്യപ്പെട്ടന്നുമാണ് പരാതിയില്‍ പറയുന്നത്.
ജൂണ്‍ 22നാണ് എം.എസ്.എഫ്. സംസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററില്‍വെച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.