എസ്.ഡി.പി.ഐയുടെ വീട്ടില്‍ കയറിയവര്‍ക്ക് ആര്‍.എസ്.എസിന്റെ വീട്ടില്‍ കയറാന്‍ നട്ടെല്ലുണ്ടോ: എം.എസ്.എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala
എസ്.ഡി.പി.ഐയുടെ വീട്ടില്‍ കയറിയവര്‍ക്ക് ആര്‍.എസ്.എസിന്റെ വീട്ടില്‍ കയറാന്‍ നട്ടെല്ലുണ്ടോ: എം.എസ്.എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th August 2018, 6:45 pm

കാസര്‍കോട്: ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധീഖ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി എം.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്.

എസ്.ഡി.പി.ഐക്കാരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആവേശം എന്താണ് ആര്‍.എസ്.എസുകാരുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ കാണിക്കാത്തത് എന്നാണ് പോസ്റ്റില്‍ ജില്ലാ പ്രസിഡന്റായ ആബിദ് അരങ്ങാടി ചോദിക്കുന്നത്.

ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്തിയ പാര്‍ട്ടിയുടെ നേതാക്കന്മാരായ ശ്രീധരൻ പിള്ളയുടേയും, ശ്രീകാന്തിന്റേയും, സുരേന്ദ്രന്റേയും ഒക്കെ വീട്ടില്‍ റെയ്ഡ് നടത്താന്‍ പിണറായി സഖാവിന് നട്ടെല്ലുണ്ടാവുമോ എന്നതാണ് പോസ്റ്റിലെ വാചകം.



പോസ്റ്റിന് താഴെ നിങ്ങള്‍ എസ്.ഡി.പി.ഐ വക്താവ് ആണോ എന്നതുള്‍പ്പെടെയുള്ള കമന്റുകളുണ്ട്. മരിച്ച വ്യക്തിയുടെ മൃതശരീര ഇനിയും അടക്കം ചെയ്തിട്ടില്ലെന്നും, ആദ്യം ആര്‍.എസ്.എസിനെതിരെ സംസാരിക്കുനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും ചിലര്‍ പറയുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധീഖാണ് വെട്ടേറ്റ് മരിച്ചത്. കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്.

ഇവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. പിടിയിലായവരെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യംചെയ്യുകയാണ്.


ALSO READ: അവന്‍ അവസാന നാളുകളില്‍ പറഞ്ഞതെല്ലാം അഭിമന്യുവിനെക്കുറിച്ചും വര്‍ഗീയതയ്‌ക്കെതിരെയും; ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സിദ്ധീഖിനെക്കുറിച്ച്


കൊല്ലപ്പെട്ട സിദ്ധീഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ ഉപ്പളയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. കൊലപാതക സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന.

കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം അന്വേഷിക്കാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് രണ്ടുമണിമുതല്‍ മഞ്ചേശ്വരം താലൂക്കില്‍ സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.