പ്ലസ് വണ്‍ സീറ്റ് സമരത്തിന്റെ പേരില്‍ എം.എസ്.എഫ് കലാപം സൃഷ്ടിക്കുന്നു: വി. ശിവന്‍കുട്ടി
Kerala News
പ്ലസ് വണ്‍ സീറ്റ് സമരത്തിന്റെ പേരില്‍ എം.എസ്.എഫ് കലാപം സൃഷ്ടിക്കുന്നു: വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 8:32 pm

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് എം.എസ്.എഫ് ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകൾ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എം.എസ്.എഫ് പിന്‍മാറണമെന്നും മന്ത്രി പറഞ്ഞു.

മുസ്‌ലിം ലീഗ് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചിരുന്നു.

സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഓഫീസിനകത്തെ ഫര്‍ണിച്ചര്‍ ഉള്‍പ്പടെ സമരക്കാര്‍ തകര്‍ത്തു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മലപ്പുറം ആര്‍.ഡി.സി ഓഫീസില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് മന്ത്രി പറഞ്ഞത്.

‘എം.എസ്.എഫിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. മൂന്ന് അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും സീറ്റുകള്‍ കുറവുണ്ടെങ്കില്‍ പരിഹരിക്കും. ഇത് നിയമസഭയില്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കലാപം ഉണ്ടാക്കാനാണ് എം.എസ്.എഫ് ശ്രമിക്കുന്നത്,’ മന്ത്രി പറഞ്ഞു.

സമരത്തില്‍ പങ്കെടുത്ത എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി പത്ത് വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതോടൊപ്പം 25,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും എഫ്.ഐ.ആറില്‍ പറയുന്നു.

Content  Highlight: MSF creating riots over Plus One seat strike: V. Sivankutty