തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ. നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ പരാതി. എം.എസ്.എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ ഭാരവാഹികളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്.
മോശം പദപ്രയോഗങ്ങള്‍ നടത്തി അപമാനിച്ചതായാണ് ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഹരിത ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ഹരിത ഭാരവാഹികള്‍ പറയുന്നു.
കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ ‘വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്ന പരാമര്‍ശമാണ് പരാതി നല്‍കാന്‍ കാരണമായത്.
‘എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെയാണ് ആണ്‍ നേതാക്കള്‍ ചിത്രീകരിക്കുന്നത്. മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി. അബ്ദുള്‍ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചു’, എന്നാണ് പരാതിയില്‍ പറയുന്നത്.