| Thursday, 17th May 2012, 12:37 am

ശുക്കൂറിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള പോസ്റ്റര്‍ എന്‍.ഡി.എഫ് പിന്‍വലിക്കണം: എം.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊല്ലപ്പെട്ട തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ അരിയില്‍ ശുക്കൂറിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള പോസ്റ്റര്‍ എന്‍.ഡി.എഫ് പിന്‍വലിക്കണമെന്ന് എം.എസ്.എഫ് . പാര്‍ട്ടിയുടെയോ ശുക്കൂറിന്റെയോ കുടുംബത്തിന്റെയോ സമ്മതമില്ലാതെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എം.എസ്.എഫ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് എം.എസ്.എഫ് ഇക്കാര്യം പറഞ്ഞത്.

ശുക്കൂറിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം നടത്തണം. ശുക്കൂര്‍ വധത്തില്‍ സി.പി.ഐ.എം നേതാക്കളുടെ പങ്ക് സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാന്‍ കഴിയൂവെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് പറഞ്ഞു.

ശുക്കൂര്‍ വധത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും പോലീസ് പരാജയമാണെന്നും എം.എസ്.എഫ് ആരോപിച്ചു. സി.പി.ഐ.എം നേതാവ് ഗോവിന്ദന്‍ മാസ്റ്ററുടെ മകന്‍ ഉള്‍പ്പെടെയുള്ളവരെയും നേതാക്കളെയും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കണ്ണൂര്‍ സി.പി.ഐ.എമ്മിന്റെ ഭീഷണിയും നിയന്ത്രണവും പോലീസിലുണ്ടെന്നും എം.എസ്.എഫ് ആരോപിച്ചു.

സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കൊയിലാണ്ടിയിലെ 21 ബ്രദേഴ്‌സ് വളയത്തെ എല്‍.ടി.ടി.എ തുടങ്ങിയ ക്വട്ടേഷന്‍ സംഘങ്ങളെ നിരോധിക്കണമെന്നും ഇതില്‍ അംഗങ്ങളായവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യണമെന്നും എം.എസ്.എഫ് പറഞ്ഞു.

We use cookies to give you the best possible experience. Learn more