ചെന്നൈ: സംഗീതജ്ഞന്‍ ടി.എം കൃഷ്ണയ്ക്ക് ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കാമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ‘ സംഗീത കലാനിധി എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം’ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയ്ക്ക് നല്‍കുന്നത് വിലക്കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് എസ്.എസ്. സുന്ദര്‍, പി. ധനപാല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ടി.എം. കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ സുബ്ബലക്ഷ്മിയുടെ ചെറുമകനായ വി. ശ്രീനിവാസനാണ് ഹരജി നല്‍കിയിരുന്നത്.
സുബ്ബലക്ഷ്മിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ടി.എം. കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കരുതെന്ന് കുടുംബവും തന്റെ പേരില്‍ ബഹുമതികള്‍ നല്‍കരുതെന്ന് സുബ്ബലക്ഷ്മിയുടെ വില്‍പ്പത്രത്തില്‍ പറയുന്നതായും ഹരജിയില്‍ പറഞ്ഞിരുന്നു.
ടി.എം. കൃഷ്ണ സുബ്ബലക്ഷ്മിയെ സന്യാസി ബാര്‍ബി ഡോള്‍, കര്‍ണാടക സംഗീത ലോകത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ് എന്നിങ്ങനെ പരസ്യമായി വിശേഷിപ്പിച്ചെന്നാണ് ശ്രീനിവാസന്റെ വാദം.
ഹരജിയില്‍ പറയുന്ന വാദങ്ങളോട് യോജിച്ചുകൊണ്ടായിരുന്നു നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബത്തിന്റെ വാദം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് സുബ്ബലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് അവരുടെ ഇഷ്ടത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തി. പരേതനായ ഒരു ആത്മാവിനെ ബഹുമാനിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അവരുടെ ആഗ്രഹത്തെ ബഹുമാനിക്കുക എന്നതാണ്. ‘എം.എസ്. സുബ്ബുലക്ഷ്മിയോട് ആര്‍ക്കെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍, അവരുടെ ആഗ്രഹം അറിഞ്ഞതിന് ശേഷം അവരുടെ പേരില്‍ അവാര്‍ഡ് കൊടുക്കരുത്,’ എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
എന്നാല്‍ വില്‍പ്പത്രത്തില്‍ പറയുന്നത് സ്മാരകം, ട്രസ്റ്റ്, ഫൗണ്ടേഷന്‍ എന്നിവ തന്റെ പേരില്‍ രൂപീകരിക്കരുതെന്നാണ്. എന്നാല്‍ സ്മാരകം എന്ന വാക്കിനെ പുരസ്‌കാരമായി സിംഗിള്‍ ബെഞ്ച് വ്യാഖ്യാനിച്ചതിനോട് യോജിക്കാന്‍ കഴിയില്ലെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
പിന്നാലെ ഹരജിക്കാരന്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഹരജി നല്‍കുകയും ചെയ്തുവെങ്കിലും സുപ്രീം കോടതി വാക്കാല്‍ പരിഗണിക്കുകയല്ലാതെ വിഷയം അടിയന്തരമായി പരിഗണിക്കുകയുണ്ടായില്ല.
ഹരജി തിങ്കളാഴ്ച കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാരിന്റെയും ബെഞ്ച് അറിയിച്ചത്.
എന്നാല്‍ ഞായറാഴ്ച ചെന്നൈയില്‍ വെച്ചാണ് പുരസ്‌കാരദാന ചടങ്ങെന്നും ഹരജി അടിയന്തരമായി പരിഗണിക്കണിക്കണമെന്നും ഹരജിക്കാരന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
പുരസ്‌കാരം നല്‍കിയാല്‍ കെട്ടിടം ഇടിഞ്ഞ് വീഴില്ലല്ലോ എന്നായിരുന്ന ചീഫ് ജസ്റ്റിസിന്റെ മറുപടി. പരാതിയില്‍ മെറിറ്റുണ്ടെങ്കില്‍ തിരിച്ചെടുക്കാമല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെയും നിരവധി ആളുകള്‍ക്ക് എം.എസ് സുബ്ബലക്ഷ്മി പുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്. 1968 മുതല്‍ 2023വരെ ബാലമുരളീ കൃഷ്ണ, വിദുഷി സുധ രഘുനാഥ്, വിദ്വാന്‍ ടി.വി ഗോപാലകൃഷ്ണന്‍, വിദ്വാന്‍ സഞ്ജയ് സുബ്രഹ്‌മണ്യന്‍, വിഗുഷി കം, അരുണ സായിറാം, നെയ് വേലി ആര്‍. സന്താനഗോപാല്‍, തിരുവാരൂര്‍ ഭക്തവത്സലം, ലാല്‍ഗുഡി ശ്രീ ജി.ജെ.ആര്‍ കൃഷ്ണന്‍, വിജയലക്ഷ്മി, ബോംബെ ജയശ്രീ, എന്നിവര്‍ക്ക് സുബ്ബലക്ഷ്മി പുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും എതിര്‍പ്പുമായി കുടുംബം രംഗത്തെത്തിയിരുന്നില്ല.
എന്നാല്‍ മദ്രാസ് മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്‌കാരം, കടുത്ത ജാതിവിരുദ്ധ നിലപാടും പുരോഗമന നിലപാടുമുള്ള ടി.എം കൃഷ്ണയ്ക്ക് പ്രഖ്യാപിച്ചപ്പോഴാണ് കുടുംബം രംഗത്തെത്തിയത്.
അതേസമയം ടി.എം കൃഷ്ണയക്കെതിരെ പ്രതിഷേധങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുള്‍പ്പെടെയുള്ളവര്‍ നേരത്തെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കൃഷ്ണയെ സംഗീത കലാനിധി പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത മ്യൂസിക് അക്കാദമി ഭാരവാഹികളെ തമിഴ്നാട് മുഖ്യമന്ത്രി അഭിനന്ദിക്കുകയും രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നത് പോലെ സംഗീതത്തില്‍ അത് ചെയ്യരുതെന്നുമായിരുന്നു അന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നത്.
Content Highlight: MS Subbalakshmi award to TM Krishna; The Madras High Court Division Bench quashed the single bench order