Kerala News
എം.എസ് സൊല്യൂഷ്യൻസ് ചോദ്യപേപ്പർ ചോർച്ച; അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ കസ്റ്റഡിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 05, 05:09 am
Wednesday, 5th March 2025, 10:39 am

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

എം.എസ് സൊല്യൂഷ്യൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം. ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് എം.എസ് സൊല്യൂഷ്യൻസിൻറെ യൂട്യൂബ് ചാനലിൽ വന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽകാലികമായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം അഞ്ചിന് കേസില്‍ എം.എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ കസ്റ്റഡിയിൽ എടുത്തിരുന്നു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി എം.എസ് സൊല്യൂഷൻ സി.ഇ.ഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു.

പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഉടമ എം.എസ് ഷുഹൈബ് ചോദ്യപേപ്പർ ചോർത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പർ ആയിരുന്നു ചോർന്നത്. ആകെ 40 മാർക്കിന്റെ ചോദ്യങ്ങളിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷൻസിന്റെ യൂട്യൂബ് ചാനലിൽ വന്നതായി പരാതി ഉണ്ടായിരുന്നു.

 

Content Highlight: MS Solutions Question Paper Leak; Peon custody of unaided school