| Tuesday, 6th September 2022, 5:37 pm

കെ.എസ്.ആര്‍.ടി.സി എന്നിനി സദ്യയുണ്ണും

എം.എസ്. ഷൈജു

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ദുരിത സമാന ജീവിതത്തിന്റെ ചിത്രങ്ങളാണ് ഇത്തവണത്തെ ഓണക്കാലത്തെ വരവേറ്റത്. കൃത്യമായ ശമ്പളമോ അടുത്തൂണ്‍ പറ്റി വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് പെന്‍ഷനോ നല്‍കാതെ മാനേജ്‌മെന്റ് അവരെ തൃശങ്കുവില്‍ നിര്‍ത്തിക്കളഞ്ഞു. ഭാവി ജീവിതത്തെക്കുറിച്ചുള്ള കടുത്ത ആശങ്കയും അരാജക ബോധവും ഈ ജീവനക്കാരില്‍ രൂപപ്പെട്ടിട്ടുണ്ട്. മറ്റ് സാധ്യതകള്‍ തേടാന്‍ പരമാവധി സാധിക്കുന്നവരൊക്കെ അത് തേടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങളിലെ ഒരത്താണിയായിരുന്ന കെ.എസ്.ആര്‍.ടി.സിയിലേക്ക് ഇനിയൊരു റിക്രൂട്ട്‌മെന്റ് നടക്കാന്‍ ഒരു സാധ്യതയും കാണാത്തവിധം ആ പ്രസ്ഥാനത്തിന്റെ തൊഴില്‍ സാധ്യതകളിന്‍മേല്‍ ഇരുള്‍ വീണ് കഴിഞ്ഞിരിക്കുന്നു. നിലവില്‍ അതില്‍ തുടരുന്ന ജീവനക്കാരുടെ ഭാവിയെന്താകുമെന്നാണ് അവരും അവരുടെ കുടുംബാംഗങ്ങളും അടക്കം കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അതിലെ താഴെതട്ടിലെ ജീവനക്കാരായി ഉണ്ടാക്കിവെച്ചതോ അവര്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ പറ്റുന്നതോ അല്ല. എന്നാല്‍ അതിലെ മിഡില്‍, അപ്പര്‍ മാനേജ്മെന്‍റുകളില്‍ പെട്ടവരും യൂണിയന്‍ നേതൃത്വവും ഈയൊരു വിടുതല്‍ അര്‍ഹിക്കുന്നില്ല. അത് വേറെ ചര്‍ച്ച ചെയ്യേണ്ട, അല്പം കൂടി വിശദാംശങ്ങള്‍ ആവശ്യമുള്ള വിഷയമാണ്. ഒന്നോ രണ്ടോ മാസത്തെ ശമ്പളം മുടങ്ങിയാല്‍ മുട്ട് വരാത്ത വിധം സാമ്പത്തിക സുരക്ഷിതത്വമുള്ളവരാണ് അത്തരക്കാരില്‍ ഭൂരിപക്ഷവും. എന്നാല്‍ സാധാരണ ജീവനക്കാര്‍ അങ്ങനെയല്ല, ഇപ്പോഴുണ്ടായത് പോലുള്ള സാഹചര്യങ്ങള്‍ യഥാര്‍ത്ഥ പട്ടിണിയിലേക്കാണ് അവരെ നയിക്കുന്നത്.

സാധാരണ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വരുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് നിലവിലെ പ്രശ്‌നങ്ങളെ സമീകരിക്കാന്‍ ശ്രമിക്കുന്നതിലും കാര്യമില്ല. അത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനും പ്രതികരിക്കാനും വേറെ സംവിധാനങ്ങളുണ്ട്. പൗരന്മാര്‍ക്ക് അതുപയോഗപ്പെടുത്താം.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് പൊതുജനത്തിന് വലിയ ആനുഭാവികതകളൊന്നുമില്ല എന്നത് ഒരു വാസ്തവമാണ്. കാരണമെന്താണ് എന്ന് ചോദിച്ചാല്‍, പ്രധാനമായും അതൊരു മനഃശാസ്ത്രമാണ്. പൊതുവേ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരോട് നമ്മുടെ പൊതുബോധത്തിന് ഒരു ഈര്‍ഷ്യയുണ്ട്. അവര്‍ക്ക് ഒരു തട്ടുകേട് വരുമ്പോള്‍ ജനങ്ങള്‍ അവരുടെ കുറ്റങ്ങള്‍ എണ്ണിയെണ്ണി പറയാനും തുടങ്ങും.

പഴയകാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം മര്‍ക്കട മുഷ്ടിക്കാരും തങ്ങള്‍ എലീറ്റ് ക്ലാസ് ആണെന്ന് സ്വയം കരുതുന്നവരുമായിരുന്നു. സാധാരണക്കാരില്‍ നിന്ന് വേറിടാനുള്ള ഒരു ശ്രമം അന്നൊക്കെ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് അതിന് വലിയ മാറ്റം വന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലും അതാണ് സ്ഥിതി. യഥാര്‍ത്ഥത്തില്‍ അവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പോലുമല്ല. കോര്‍പറേഷന്‍ ജീവനക്കാരാണ്. എങ്കിലും പഴയ കണ്ണിലാണ് ജനം അവരെ ഇന്നും കാണുന്നത്.

ഇപ്പൊ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കണ്ണീരൊഴുക്കി രംഗത്ത് വരുന്നവരില്‍ ഒരു വിഭാഗത്തിന്റെ ലക്ഷ്യം കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പ്പോ അതിന്റെ ജീവനക്കാരുടെ പ്രശ്‌നങ്ങളോ ഒന്നുമല്ല. സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യ രാഷ്ട്രീയ കക്ഷിയെയും വിമര്‍ശിക്കാന്‍ ഉള്ള ഒരവസരം മാത്രമാണവര്‍ക്കിത്. നയപരമായി കെ.എസ്.ആര്‍.ടി.സി അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നമെന്താണെന്ന ധാരണ പോലുമില്ലാതെയാണ് അഭിപ്രായങ്ങള്‍ പറയുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്‌നം ഒരു സര്‍ക്കാരിന്റെയോ മുന്നണിയുടെയോ മാത്രം പ്രശ്‌നമല്ല. ആ കോര്‍പറേഷന്‍ നടത്തുന്ന ഒരു ബിസിനസാണത്. ആ ബിസിനസ് നഷ്ടത്തിലാണ്. അവര്‍ക്കത് മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. അതിനായ് കൊണ്ടുവരുന്ന പദ്ധതികളൊന്നും ഫലവത്താകുന്നുമില്ല. കുറെ ബാധ്യതകളും ജീവനക്കാരുമായി ആ കോര്‍പറേഷന്‍ നട്ടം തിരിയുകയാണ്. സര്‍ക്കാരിന് ഈ തീരാനഷ്ടത്തില്‍ എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

സര്‍ക്കാരിനെ സംബന്ധിച്ച് പൊതുഗതാഗതം അവരുടെ ഒരു ഉത്തരവാദിത്തമാണ്. ആരോഗ്യ സംരക്ഷണം പോലെ, വിദ്യാഭ്യാസം പോലെ ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് പൊതു ഗതാഗതവും. കെ.എസ്.ആര്‍.ടി.സി കോര്‍പറേഷന്‍ വഴിയാണ് സര്‍ക്കാര് അത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മറ്റ് കോര്‍പറേഷനുകളെപ്പോലെയല്ല കെ.എസ്.ആര്‍.ടി.സി അതാണ് സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സിയെ എത്ര കയ്ച്ചാലും തുപ്പിക്കളയാന്‍ പറ്റാത്തത്.

സര്‍ക്കാരിന് കീഴില്‍ നഷ്ടത്തില്‍ ഓടുന്ന കുറേയധികം ബോര്‍ഡ് കോര്‍പറേഷനുകളുണ്ട്. അവയുടെ എല്ലാത്തിന്റെയും ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിന്നാല്‍ പിന്നെ സര്‍ക്കാരിന് അതിനേ സമയം കാണൂ. സ്വന്തം കാര്യം പരസഹായമില്ലാതെ നോക്കിക്കണ്ട് മുന്നോട്ട് പോകാന്‍ ചുമതലയുള്ളവരാണ് ഈ ബോര്‍ഡ് കോര്‍പറേഷനുകള്‍. അവര്‍ക്കത് സാധിക്കാതെ വരുന്നത് കൊണ്ടാണ് ഈ നഷ്ടക്കണക്കുകള്‍ മാത്രം പുറത്തേക്ക് വരുന്നത്. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി ഒരു സ്ഥിരം ഫണ്ട് നല്‍കാനും വഴികളില്ല.

ഇപ്പോഴത്തെ സാഹചര്യങ്ങളെ അപഗ്രഥിച്ചാല്‍ ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പരിഹാരമാണ് സര്‍ക്കാരും അന്വേഷിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. പൊതു ഗതാഗതത്തില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുന്ന വിധം ഒരു ചെറു സംവിധാനമായി കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്തി അതിനുള്ളില്‍ സര്‍വീസ് ഔട്ട്സോഴ്‌സിങ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് നമുക്ക് ഊഹിക്കാന്‍ സാധിക്കുന്നത്.

കുറേ താപ്പാനകള്‍ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തുണ്ട് എന്നത് എല്ലാവര്‍ക്കുമറിയാം. ഒരു വേള സര്‍ക്കാരിനെപ്പോലും സമ്മര്‍ദ്ദത്തിലാക്കി പിടിവാശി നടത്തിയെടുക്കാന്‍ തക്ക ശേഷിയുള്ള താപ്പാനകളാണ് അവ. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാരിനും പ്രതീക്ഷയുണ്ടാകില്ല. അതുകൊണ്ട് തന്നെ പടിപടിയായി സര്‍ക്കാര് പോകുന്നത് അത്തരമൊരു സൊലൂഷനിലേക്ക് തന്നെയാകണം.

പൊതുഗതാഗതത്തിന്റെ ഏറ്റവും അനിവാര്യമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കും വിധം ചുരുക്കിയെടുത്ത ഒരു സംവിധാനത്തെ വീണ്ടും ഡിപ്പാര്‍ട്ട്‌മെന്റ് ആക്കി മാറ്റാനുള്ള സാധ്യതയേറെയാണ്. അങ്ങനെയെങ്കില്‍ നിലവിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പൂര്‍ണമായ സര്‍ക്കാര് ജീവനക്കാരായി മാറും. അതില്‍ വല്ല നിയമപ്രശ്‌നവും ഉണ്ടോ എന്നറിയില്ല.

പക്ഷേ ഒരു കാര്യമുറപ്പാണ്. കെ.എസ്.ആര്‍.ടി.സി വിഷയത്തില്‍ വ്യക്തമായ ഒരു തീരുമാനവും അതിലേക്കുള്ള ഒരു ബ്ലൂ പ്രിന്റും കൃത്യമായി സര്‍ക്കാരിന് മുന്നില്‍ ഉണ്ട്. അല്ലെങ്കില്‍ ഇത്ര മാത്രം വഷളാകുന്ന ഒരു സാഹചര്യം വരെ എത്താന്‍ സര്‍ക്കാര് കാത്ത് നില്‍ക്കില്ലായിരുന്നു. പക്ഷേ ഈ പദ്ധതികളോ തീരുമാനങ്ങളോ പൊതുജന സമക്ഷം പരസ്യപ്പെടുത്താന്‍ സമയമായിട്ടില്ല എന്നും സര്‍ക്കാര്‍ കരുതുന്നുണ്ടാകണം.

ലാഭകരമായി നടത്താന്‍ സാധിക്കുന്ന റൂട്ടുകള്‍ പോലും നഷ്ടത്തില്‍ ഓടിക്കുകയും ലാഭ നഷ്ടങ്ങളെ സംബന്ധിച്ച് മറ്റാര്‍ക്കും മനസ്സിലാകാത്ത, അവര്‍ക്ക് മാത്രം മനസ്സിലാകുന്ന കണക്കുകള്‍ പറയുകയും ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റില്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷകള്‍ ഒന്നുമില്ല. സര്‍ക്കാര്‍ കുറെ കോടികള്‍ എടുത്ത് വീശിയത് കൊണ്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അവര്‍ വിശ്വസിക്കുന്നില്ല. അടിത്തട്ട് വരെ പിടിച്ച് കുലുക്കുന്ന വിധമുള്ള മാറ്റങ്ങളിലൂടെ മാത്രമേ ശുഭകരമായ എന്തെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ സംഭവിക്കുകയുള്ളൂ.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. അത് അവരുടെ മാത്രം ആവശ്യമില്ല. പൊതുഗതാഗതം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെയും സര്‍ക്കാരിന്റെയും കൂടി ആവശ്യമാണത്. പക്ഷേ അതത്ര പെട്ടെന്നൊന്നും നടന്നേക്കില്ല. കാരണം സങ്കീര്‍ണതകള്‍ അതില്‍ കുറെയെറെയുണ്ട്. അതൊക്കെ ശരിയാക്കാന്‍ സര്‍ക്കാരിന് സമയവും വേണ്ടതുണ്ടാകാം. വരുന്ന ഓണങ്ങള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആധികളില്ലാതെ സന്തോഷത്തോടെ സദ്യയുണ്ണാന്‍ സാധിക്കുമെന്ന് നമുക്കും അവര്‍ക്കൊപ്പം ആശിക്കാം.

Content Highlight: MS Shaiju writes about the crisis in KSRTC

എം.എസ്. ഷൈജു

പത്രപ്രവര്‍ത്തകന്‍, വ്യവസായ സംരംഭകന്‍. കൊല്ലം ജില്ലയിലെ വട്ടപ്പാറ സ്വദേശി.

We use cookies to give you the best possible experience. Learn more