| Tuesday, 14th September 2021, 1:11 pm

പാലാ രൂപത തുടങ്ങി വെച്ച യുദ്ധം ക്രിസ്ത്യാനികള്‍ക്ക് നേരെ തന്നെയാണ്

എം.എസ്. ഷൈജു

മുസ്‌ലിങ്ങളെയും ഇസ്‌ലാം മതത്തെയും തീവ്രവാദ നിലപാടുകളുമായി ബന്ധിപ്പിച്ചും വിച്ഛേദിച്ചുമുള്ള ചര്‍ച്ചകള്‍ കൊണ്ട് മുഖരിതമായതാണ് ഇന്നത്തെ ലോക സാഹചര്യങ്ങള്‍. ഇസ്‌ലാം മതത്തെ അന്യായമായി പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ഗൂഡാലോചനകളെയും ഇസ്‌ലാമിനോടുള്ള അനാവശ്യവും യുക്തിരഹിതവുമായ എതിര്‍പ്പിന്റെ പ്രൊപ്പഗണ്ടകളെയും സൂചിപ്പിക്കാനായി ഇസ്‌ലാമോഫോബിയ എന്നൊരു പദവും ഇവിടെ നിലനില്‍ക്കുന്നുണ്ട്.

ലോകത്തെ മുസ്‌ലിങ്ങളില്‍ തീവ്രവാദികള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട് എന്നാണുത്തരം. അതില്‍ ഒരു സംശയവുമില്ല. തീവ്രമായ വീക്ഷണങ്ങളും വിധ്വംസകമായ ഇടപെടലുകളും നടത്തുന്ന ഇത്തരക്കാര്‍ സ്വന്തം മതത്തിന്റെ ലേബലില്‍ എവിടെയൊക്കെയോ ഉണ്ട് എന്ന് കരുതി ആ സമുദായത്തിലും മതത്തിലും പിറന്നവര്‍ അതിനൊക്കെ സമാധാനം പറയേണ്ടതുണ്ടോ?

ഇസ്‌ലാമിന് മാത്രമാണോ തീവ്രവാദ ത്വരയുള്ളത്? യഥാര്‍ത്ഥത്തില്‍ തീവ്രവാദമെന്നത് അമൂര്‍ത്തമായ ഒരാശയമാണ്. വികസിത ലോകത്തിന്റെ സാമൂഹിക ബോധവുമായി ഒത്ത് പോകുന്ന നയങ്ങളും സിദ്ധാന്തങ്ങളുമല്ല തീവ്രവാദത്തിന്റേത്. ലോകത്തെ എല്ലാ പ്രത്യയ ശാസ്ത്രങ്ങള്‍ക്കും തീവ്രവാദ ത്വരയുണ്ട്. ഏറ്റവും വലിയ സമാധാന സിദ്ധാന്തമെന്ന് കരുതപ്പെടുന്ന ബുദ്ധ മതത്തിന്റെ പേരില്‍ വര്‍ത്തമാന ലോകത്ത് അരങ്ങേറുന്ന ഭീകരതയുടെയും വിധ്വംസകതയുടെയും നേര്‍ക്കാഴ്ചകള്‍ കാണുന്ന ഒരാളിനോട് ഇത് അധികം വിശദീകരിക്കേണ്ടി വരില്ല.

ഗാന്ധി മാര്‍ഗത്തെയും അഹിംസാ സിദ്ധാന്തത്തെയും പ്രചരിപ്പിക്കാന്‍ നാളെ ആ ധാരയില്‍ നിന്ന് ഒരു തീവ്രവാദ സംഘം മുന്നോട്ട് വന്നാല്‍ പോലും അതില്‍ ആരും അതിശയം കണ്ടേക്കില്ല. അത്രത്തോളം വൈപരീത്യമാണ് ഈ വിഷയത്തില്‍ നില നില്‍ക്കുന്നത്. എ.ഡി രണ്ടാം നൂറ്റാണ്ട് മുതല്‍ ക്രിസ്തു മതത്തിന്റെ പേരില്‍ ലോകത്ത് അരങ്ങേറിയിട്ടുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ചരിത്രം സഭാ പ്രസിദ്ധീകരണങ്ങളില്‍ വരെ നമുക്ക് കാണാവുന്നതാണ്. അത്രത്തോളം കിരാതമായ അഴിഞ്ഞാട്ടം നടത്തിയിട്ടുള്ള തീവ്രവാദികള്‍ ലോകത്ത് തന്നെ വേറെയുണ്ടാകില്ല.

മതം എന്നത് ഒരു വിശ്വാസം പോലെ ഒരു സ്വത്വവും കൂടിയാണ്. ഒരാളിന്റെ പേര്, കുടുംബം, പരമ്പരാഗത ശീലങ്ങള്‍, ജീവിത രീതികള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് സ്വത്വം. മതം ഉപേക്ഷിച്ചാലോ, ഒരു വേള മതം മാറിയാല്‍ പോലുമോ ഈ സ്വത്വം അയാളെ വിട്ട് പോകില്ല. എനിക്ക് മതവിശ്വാസമില്ല എന്ന് ഉറക്കെ പറയുന്നവര്‍ക്ക് പോലും ഈ സ്വത്വത്തെ തള്ളിപ്പറഞ്ഞ് ജീവിക്കല്‍ അസാധ്യമാണ്. സ്വന്തം സ്വത്വത്തെ ഉള്‍ക്കൊള്ളുന്ന ആരൊക്കെയോ എവിടെയൊക്കെയോ ചെയ്ത് കൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ആ സ്വത്വം പേറുന്നവര്‍ കൂടി കുറ്റക്കാരാകുമെങ്കില്‍ ഈ ലോകം കുറ്റവാളികളുടേത് മാത്രമായിരിക്കും.

ഇന്ത്യയിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകള്‍ പ്രശ്‌നഭരിതമായതാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ ഒരു തരം അരക്ഷിത ബോധം പതിയെപ്പതിയെ രൂപപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ള മുസ്‌ലിം സ്വത്വങ്ങളുമായി അവര്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും ഇന്ത്യന്‍ മുസ്‌ലിം എന്ന സ്വത്വത്തില്‍ നിന്ന് ഉയര്‍ന്ന് ഒരു പാന്‍ ഇസ്‌ലാമിക് സ്വത്വബോധം അവരില്‍ വളര്‍ന്ന് വരികയും ചെയ്യുന്നതിന് ഈ അരക്ഷിത ബോധം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിസ്റ്റ് ധാരയിലേക്കും അവരുയര്‍ത്തുന്ന കാഴ്ചപ്പാടുകളിലേക്കും മുസ്‌ലിങ്ങളിലെ ഒരു ചെറു വിഭാഗം വഴുതി വീഴാന്‍ ഇക്കാരണങ്ങളൊക്കെ വലിയ പങ്ക് വഹിച്ചു.

ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന് മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെട്ട അരക്ഷിത ബോധത്തെ മുന്‍ നിര്‍ത്തി പല തീവ്ര സ്വഭാവമുള്ള സംഘടനകളും മുസ്‌ലിങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. പക്ഷെ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ നേതൃത്വവും പരമ്പരാഗത മത നേതൃത്വങ്ങളും അവയെയൊന്നും സ്വീകരിച്ചില്ല. സ്വീകരിച്ചില്ല എന്ന് മാത്രമല്ല, പരസ്യമായി അത്തരം മൂവ്‌മെന്റുകളെ തള്ളിപ്പറയുകയും ചെയ്തു. അല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ കേരളത്തിന്റെ സാമൂഹിക സാഹചര്യം ഇന്നത്തേതിനെക്കാള്‍ കൂടുതല്‍ പ്രശ്ന കലുഷിതമാകുമായിരുന്നു. എന്തൊക്കെ വിമര്‍ശനങ്ങള്‍ കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം മത, രാഷ്ട്രീയ സംഘടനകള്‍ക്ക് നേരെ ഉയര്‍ത്താനുണ്ടായാലും മുസ്‌ലിം പൊതുബോധം തീവ്രമായിപ്പോകാതെ നിലനിര്‍ത്താന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കേണ്ടതുണ്ട്.

തൊണ്ണൂറുകള്‍ക്ക് ശേഷം മുസ്‌ലിം സമൂഹത്തിനുള്ളില്‍ നിന്ന് തലയുയര്‍ത്തിയ ചില അപക്വമായ നീക്കങ്ങളോട് താരതമ്യപ്പെടുത്താവുന്ന സമീപനങ്ങളാണ് ഇപ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെട്ട തീവ്ര മത – സ്വത്വ ബോധങ്ങള്‍ക്ക് കാരണം അവരില്‍ രൂപപ്പെട്ട അരക്ഷിത ബോധമായിരുന്നെങ്കില്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ രൂപപ്പെടുന്നത് സ്വത്വ പ്രതിസന്ധിയും പ്രതിനിധാനങ്ങളിലെ പിന്നോക്കാവസ്ഥയുമാണ്.

തൊണ്ണൂറുകള്‍ക്ക് ശേഷം മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെട്ട അരക്ഷിത ബോധത്തെ അവര്‍ മറി കടന്നത് സാമൂഹ്യ മണ്ഡലത്തിലെ അവരുടെ പ്രതിനിധാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടായിരുന്നു. ഒരു ചെറിയ പക്ഷം പാന്‍ ഇസ്‌ലാമിക് രാഷ്ട്രീയ സിദ്ധാന്തങ്ങളിലേക്കും പ്രതിരോധാത്മക സ്വത്വ രൂപീകരണങ്ങളിലേക്കും നീങ്ങിയെങ്കിലും മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനത വിവിധങ്ങളായ സാമൂഹിക പ്രതിനിധാനങ്ങളില്‍ അവരുടെ സാന്നിധ്യത്തെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കാലങ്ങളായി ക്രിസ്ത്യന്‍ ആധിപത്യം പുലര്‍ത്തിയിരുന്ന പല മേഖലകളിലും മുസ്‌ലിങ്ങള്‍ കടന്ന് ചെന്നത് സ്വയം അടയാളപ്പെടുത്താന്‍ നടത്തിയ ഈ ശ്രമങ്ങളുടെ ഫലമായാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കൊണ്ട് മുസ്‌ലിം സമൂഹം വൈരുധ്യാത്മകമായ ഒരു സാമൂഹിക ഇടപെടലാണ് നടത്തിയത്. ഒരു ഭാഗത്ത് ഒരു ന്യൂനപക്ഷം കൂടുതല്‍ മതാത്മകവും സ്വത്വധിഷ്ഠിതവുമായ നിലപാടുകളിലേക്ക് നീങ്ങുമ്പോള്‍ മറുഭാഗത്ത് മുഖ്യധാരയിലെ പ്രതിനിധാനങ്ങളില്‍ ഒരു സമുദായമെന്ന നിലയില്‍ മുസ്ലങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു.

ഇതിന്റെ രണ്ടിന്റെയും ഗുണവും ദോഷവുമാണ് മുസ്‌ലിം സമൂഹം ഇന്നനുഭവിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, മാധ്യമ പ്രവര്‍ത്തനം, കല, രാഷ്ട്രീയം, ഉന്നത ഉദ്യോഗ തലങ്ങള്‍ എന്നീ മേഖലകളിലെല്ലാം മുസ്‌ലിം സ്വത്വം പ്രത്യക്ഷമായിത്തന്നെ ഉയര്‍ന്ന് വന്നു. ഈ പ്രതിനിധാനങ്ങള്‍ കൊണ്ട് തങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് ചിന്തിക്കുന്ന തീവ്ര മതാഭിമാനമുള്ള ക്രൈസ്തവര്‍ കഴിഞ്ഞ കുറച്ച് നാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ പുതിയൊരു അധ്യായത്തിനാണ് കത്തോലിക്കാ സഭയുടെ പാലാ രൂപതയുടെ അധ്യക്ഷനായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടക്കം കുറിച്ചിരിക്കുന്നത്.

ഒരു പുരോഹിതന്‍ വിശുദ്ധമായ ആരാധനാ സ്ഥലത്ത് വെച്ച് വിശ്വാസികളുമായി പങ്കുവെച്ച ഒരു സ്വകാര്യ പ്രസംഗം എന്നതില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന ഒരുപാട് മാനങ്ങള്‍ ഈ പ്രസംഗത്തിനും അതില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ക്കുമുണ്ട്. കേരളത്തില്‍ ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും വ്യാപകമാകുന്നെന്നായിരുന്നു പാലാ ബിഷപ് നടത്തിയ പരാമര്‍ശം. അമുസ്‌ലിങ്ങളെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരയാക്കുകയാണെന്നും, ലൗജിഹാദ് ഇല്ലെന്ന് വാദിക്കുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നുമാണ് ബിഷപ് ആരോപിച്ചത്.

പാല ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

പൊതുസമൂഹത്തിന്റെ സാമാന്യ ബോധത്തെയും ഭരണകൂടത്തിന്റെ ക്രമസമാധാന ശേഷിയെയും ചോദ്യം ചെയ്യുന്ന ഒരു പരാമര്‍ശമാണ് ബിഷപ് നടത്തിയത്. കേരളീയ പൊതുസമൂഹം ഞെട്ടലോടെയും അതിശക്തമായ പ്രതിഷേധത്തോടെയുമാണ് ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിച്ചത്. ചില ക്രൈസ്തവ സഭകളും പൊതുരംഗത്തുള്ള ക്രിസ്തുമത വിശ്വാസികളും പരസ്യമായി പാലാ ബിഷപ്പിനെ വിമര്‍ശിച്ച് രംഗത്ത് വന്നു.

എന്നാല്‍ ഏറെ അതിശയകരമായി തോന്നിയത്, ഈ പ്രസംഗത്തെ പോലും ന്യായീകരിക്കുകയും തുടര്‍ ആരോപണങ്ങള്‍ നടത്തുകയും ചെയ്യാന്‍ ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളാണ്. തെളിവുകളുടെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാത്ത, ഇത്ര ഗുരുതരമായ ഒരു വിദ്വേഷ പ്രസംഗം നടത്തിയ ബിഷപ്പിനെ രണ്ട് കണ്ണും പൂട്ടി ന്യായീകരിക്കാന്‍ ചില തീവ്ര സ്വഭാവമുള്ള ക്രിസ്ത്യന്‍ സംഘടനകളും ഗ്രൂപ്പുകളും അവരുടെ വക്താക്കളും നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ മതേതര ഘടനക്കും മതവിശ്വാസികള്‍ തമ്മില്‍ പുലര്‍ത്തുന്ന സഹവര്‍ത്തനങ്ങള്‍ക്കും മേല്‍ ഗുരുതരമായ പരിക്കേല്പിക്കാന്‍ പോന്നവയാണ് എന്നതില്‍ ഒരു സംശയവുമില്ല.

നാര്‍ക്കോട്ടിക് എന്ന വാക്കിന്റെയോ നമ്മുടെ സമൂഹത്തില്‍ ആ പദം സൃഷ്ടിക്കാവുന്ന ഗുരുതരമായ ആഘാതങ്ങളുടെയോ വ്യാപ്തി അറിയാത്ത ആളാണ് പാലാ രൂപതാ അധ്യക്ഷനായ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നാരും കരുതില്ല. മറിച്ച് താന്‍ തുടങ്ങി വെക്കുന്നത് ഒരു വലിയ പ്രചാരണ യുദ്ധത്തിനും അത് വഴിയുള്ള വര്‍ഗീയ ചേരി തിരിവിനുമാണെന്ന് ബിഷപ് തീര്‍ച്ചയായും ഉള്‍ക്കൊള്ളുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ബിഷപ്പിന്റെ പ്രശ്‌നം എന്താണ്?

പ്രസംഗത്തിലെ നാര്‍ക്കോട്ടിക് എലമെന്റാണ് ഒന്നാമതായി പ്രശ്‌നവല്‍ക്കരിക്കേണ്ടത്. അതിശക്തമായ സാമൂഹ്യദ്രോഹവും അതീവ ഗുരുതരമായ നിയമവിരുദ്ധതയുമാണത്. ഇങ്ങനെയൊരു വിഷയം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി പൊലീസിനെ അറിയിക്കനുള്ള ബാധ്യത ഇവിടുത്തെ ഓരോ പൗരനുമുണ്ട്. അങ്ങനെയെങ്കില്‍ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഏതെങ്കിലും പൊലീസ് സ്റ്റേഷനുകളില്‍ ബിഷപോ രൂപതയുടെ ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലുമോ അറിയിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു പ്രശ്‌നം നില നില്‍ക്കുന്നുവെങ്കില്‍ അതിന് ശാശ്വത പരിഹാരം കാണാന്‍ പൊലീസിനോ നിയമ പാലന സംവിധാനങ്ങള്‍ക്കോ മാത്രമേ കഴിയൂ എന്നറിയാമായിരുന്നിട്ടും അതിന് തുനിയാത്തതിലൂടെ ഗുരുതരമായൊരു സാമൂഹ്യ ദ്രോഹമാണ് ബിഷപ് നടത്തിയിരിക്കുന്നത്.

രണ്ടാമത്തെ വിഷയം അല്പം മോറലായതാണ്. ഒരു മതത്തിലുള്ള ആളുകളെ പ്രലോഭിപ്പിച്ചും പ്രചാരവേല നടത്തിയും മതം മാറ്റുന്നു എന്നതാണോ ബിഷപ്പിന്റെ പ്രശ്‌നം? ആളുകള്‍ക്ക് ആവശ്യമുള്ളത് നല്‍കി അവരുടെ മതം മാറ്റുക എന്ന പദ്ധതിയോട് ബിഷപ്പിന്റെ സമീപനമെന്താണ്? ലോകത്തെല്ലായിടത്തുമുള്ള ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെയ്ത് കൊണ്ടിരിക്കുന്നതും ചരിത്രത്തില്‍ അവര്‍ ചെയ്തിട്ടുള്ളതും ഇത് തന്നെയല്ലേ എന്നാണല്ലോ ആരോപണം.

ക്രിസ്തു മതത്തിലേക്കായാലും മറ്റേത് മതത്തിലേക്കായാലും ഒരാള്‍ മതം മാറ്റം നടത്തുമ്പോള്‍ അവരുടെ സമുദായാചാര്യന്മാര്‍ക്കും വേദനയുണ്ടാകില്ലേ? അങ്ങനെയെങ്കില്‍ ഈ വേദനകളെ തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ട് കൊണ്ടും, ഇനി ഇത്തരത്തില്‍ ക്രിസ്തു മതത്തിലേക്ക് തൊഴിലും ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തും സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും നടത്തി പോരുന്ന മതം മാറ്റ പദ്ധതികള്‍ ഇതാ ഞങ്ങള്‍ നിര്‍ത്തി വെക്കുന്നു എന്ന് പ്രഖ്യാപിക്കാന്‍ ബിഷപ് തയാറാകുമോ? ഇതിനൊന്നിനും തയാറല്ലാത്ത പക്ഷം, മറ്റെന്തെക്കോയോ ലാക്കാക്കിയുള്ള ഒരു യുദ്ധമുഖം തുറക്കലാണ് ബിഷപ് ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കേണ്ടി വരും.

തൊണ്ണൂറുകള്‍ക്ക് ശേഷം കേരളീയ മുസ്‌ലിം സമൂഹത്തില്‍ സംഭവിച്ചതിന് സമാനമായ ചില പ്രതിലോമ അന്തര്‍ധാരകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ക്രിസ്ത്യന്‍ സമൂഹത്തിലും സംഭവിക്കുകയാണ്. പൊതു ജീവിതത്തിന്റെ അന്തസത്തക്കും സഹവര്‍ത്തന ജീവിതത്തിന്റെ മൂല്യങ്ങള്‍ക്കും നിരക്കാത്ത തീവ്രമായ സ്വത്വ ചിന്തകളും വിമര്‍ശന ബുദ്ധിയും ബോധപൂര്‍വം ക്രിസ്ത്യന്‍ സമൂഹത്തില്‍ പടരുകയാണ്.

ഇത്തരം ചിന്താഗതികളെ മുളയിലേ തന്നെ നുള്ളുകയും മുസ്‌ലിം പൊതുബോധത്തെ ഈ വേട്ടക്കാര്‍ക്ക് വിട്ട് കൊടുക്കാതെ പ്രതിരോധിക്കുകയുമാണ് മുഖ്യ ധാരാ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനകളും മത നേതൃത്വങ്ങളും ചെയ്തതെങ്കില്‍ അതിന് കടക വിരുദ്ധമായ ഒരു നിലപാടിലേക്കാണ് ഇന്ന് കത്തോലിക്ക മത നേതൃത്വം നീങ്ങുന്നത്. സമുദായത്തിനുള്ളില്‍ നിന്ന് പലപ്പോഴായി പ്രത്യക്ഷപ്പെട്ട തീവ്ര നിലപാടുകാരുടെയും അവരുടെ അണികളുടേയും അതി രൂക്ഷമായ ആക്ഷേപങ്ങള്‍ക്കും മതാഭിമാനം ഉയര്‍ത്തിയുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇരയാകുമ്പോഴും വൈകാരികവും തീവ്രവുമായ നിലപാടുകളെ തള്ളിപ്പറയാനും എതിര്‍ക്കാനും മുസ്‌ലിം സാമുദായിക നേതൃത്വം കാണിച്ച ഇച്ഛാശക്തി കൊണ്ടാണ് അത്തരക്കാര്‍ക്കൊന്നും മുസ്‌ലിം സമുദായത്തിന്റെ മുഖ്യധാരയില്‍ ഇടം കിട്ടാതെ അപ്രസക്തരായിപ്പോയത്.

എന്നിട്ട് പോലും സൂക്ഷ്മ ന്യൂനപക്ഷമായ ഈ അതിതീവ്ര മതാഭിമാനികള്‍ ഉയര്‍ത്തുന്ന ഓരോ നിലപാടുകള്‍ക്കും സംവാദങ്ങള്‍ക്കും ഇരകളാകേണ്ടി വരുന്ന ഒരു വല്ലാത്ത സാഹചര്യം ഇവിടുത്തെ മുസ്ലിം സ്വത്വം പേറുന്ന മുഴുവനാളുകള്‍ക്കുമുണ്ടാകുന്നു.

മൂന്ന് പതിറ്റാണ്ട് മുമ്പ് മുസ്‌ലിം മുഖ്യധാരാ നേതൃത്വം പുലര്‍ത്തിയ സമീപനത്തില്‍ നിന്ന് കടകവിരുദ്ധമായ ഒരു സമീപനമാണ് ഇവിടുത്തെ ക്രിസ്ത്യന്‍ മത നേതൃത്വം ആന്തരികമായി ഉണര്‍ന്ന് വരുന്ന തീവ്രവാദ നിലപാടുകാരോട് കാണിക്കുന്നത് എന്നതാണ് ഇവിടുത്തെ ഗുരുതരമായ പ്രശ്‌നം. അല്ലാതെ പാലാ ബിഷപ്പ് നടത്തിയ അര്‍ത്ഥമില്ലാത്ത ഒരു ജല്‍പനം മാത്രമായി തള്ളിക്കളയാവുന്ന ഒരു വിഷയമല്ല ഇത്. കഴിഞ്ഞ കുറെയാധികം വര്‍ഷങ്ങളായി, വ്യക്തമായി പറഞ്ഞാല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു സംഘപരിവാര്‍ ഭരണകൂടം നിലവില്‍ വന്നതിന് ശേഷം അവരുമായി കൂട്ട് ചേര്‍ന്ന് ക്രിസ്ത്യന്‍ സമുദായത്തില്‍ മുസ്‌ലിം വിരോധം വളര്‍ത്തുന്നതിന് കച്ച കെട്ടിയിറങ്ങിയ വിദ്വേഷ പ്രചാരകരായ തീവ്ര നിലപാടുകാര്‍ക്ക് കേരളത്തിലെ കത്തോലിക്കാ സഭ പിന്തുണ നല്‍കുന്നു എന്നതിന്റെ ആദ്യ പ്രഖ്യാപനമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

ക്രൈസ്തവ പൊതു സമൂഹത്തെ തിരുത്തേണ്ട മത നേതൃത്വത്തിനെതിരെ മതേതര ചേരിക്കൊപ്പം നിലയുറപ്പിക്കുന്ന ക്രൈസ്തവ സമൂഹവും പൊതുസമൂഹവും അതിശക്തമായി പ്രതികരിക്കുന്നത് ഈ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുന്നത് കൊണ്ടാണ്. ഒരിക്കലും തിരിച്ച് പിടിക്കാന്‍ സാധിക്കാത്ത വിഷ ഭൂതങ്ങളെ കുപ്പി തുറന്ന് വിട്ട് യുദ്ധ മുന്നണി തീര്‍ക്കാന്‍ ശ്രമിക്കുന്ന ക്രൈസ്തവ മത നേതൃത്വത്തിന്റെ അവധാനതക്കുറവിന്റെ ഒന്നാമത്തെ ഇരകളായി നാളെ മാറാന്‍ പോകുന്നത് പൊതു സമൂഹത്തില്‍ സ്വസ്ഥമായി ജീവിച്ച് പോരുന്ന ക്രിസ്ത്യാനികള്‍ തന്നെയായിരിക്കും. മുസ്‌ലിം സമൂഹം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ഇന്നത്തെ മുസ്‌ലിം സമൂഹം അവരിലെ സൂക്ഷ്മ ന്യൂനപക്ഷമായ അതി തീവ്ര സ്വത്വ വാദികളെക്കൊണ്ടും ഇസ്ലാമിസ്റ്റ് രാഷ്ട്രീയവും കൊണ്ട് ഇര പിടിക്കാന്‍ നടക്കുന്ന അഭിനവ താലിബാനിസ്റ്റുകളെക്കൊണ്ടും പൊറുതി മുട്ടിയതിന്റെ ആയിരം മടങ്ങ് പ്രതിബന്ധങ്ങളായിരിക്കും വികസിത സമൂഹത്തിന്റെ നെറുകയിലിരുന്ന് കൊണ്ട് ഈ അതി തീവ്ര മതാഭിമാനികളായ വിദ്വേഷികള്‍ സൃഷ്ടിക്കാന്‍ പോകുന്നത്.

ഈ ബോധവും തിരിച്ചറിവുമുള്ളവരാണ് ബിഷപ്പിനെ വിമര്‍ശിച്ചുകൊണ്ട് ക്രൈസ്തവ സമൂഹത്തില്‍ നിന്ന് മുന്നോട്ട് വരുന്നത്. ബിഷപ് ഈ യുദ്ധ മുഖം തുറന്നിരിക്കുന്നത് മുസ്‌ലിം സമുദായതിനെതിരല്ല എന്ന രൂപതയുടെ സര്‍ക്കുലര്‍ പരമ സത്യമാണ്. മതേതര സമൂഹത്തില്‍ സ്വസ്ഥതയോടെയും സാമൂഹിക ബോധത്തോടെയും ജീവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെയാണ് യുദ്ധമുഖം തുറന്നിരിക്കുന്നത്. കാരണം ഇതിന്റെ തുടര്‍ച്ചകളില്‍ ഇരകളാകേണ്ടി വരുന്നത് അവരായിരിക്കും. കാരണം വിദ്വേഷ പ്രചാരകര്‍ക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് മത നേതൃത്വത്തിന്റെ അധികാരമുള്ള കുടകളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MS Shaiju writes about the consequences of Christian Muslim conflict

എം.എസ്. ഷൈജു

പത്രപ്രവര്‍ത്തകന്‍, വ്യവസായ സംരംഭകന്‍. കൊല്ലം ജില്ലയിലെ വട്ടപ്പാറ സ്വദേശി.

We use cookies to give you the best possible experience. Learn more