മുംബൈ: “”ലോകത്തിലെതന്നെ മികച്ച വിക്കറ്റ് കീപ്പറാണ് ധോണിയെന്നു എത്രപേരാണ് ഇപ്പോഴും വിശ്വസിക്കുന്നത്? നമ്മളൊക്കെ ധോണിയുടെ ബാറ്റിങ്ങിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. നമ്മളെല്ലാം ശ്രദ്ധ വച്ചിരിക്കുന്നതും അതിലാണ്. ഇന്ത്യന്‍ ടീമിന്റെ വിലമതിക്കാനാവാത്ത സ്വത്താണ് ധോണി. കളിയില്‍ നിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും ധോണിയുടെ ഉപദേശം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. വിരാട് കോഹ്ലിയെ നല്ല രീതിയില്‍ നയിക്കാന്‍ പറ്റിയ വ്യക്തി ധോണിയാണ്””.
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനായുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്ന അവസരത്തില്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന്റെ വാക്കുകളാണ് ഇവ.
എം.എസ്.ധോണി ഇനിയും ഏറെ നാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി തുടരുമെന്ന കാര്യത്തില്‍ ഇനി ആര്‍ക്കും സംശയം വേണ്ട. എം.എസ്.കെ പ്രസാദിന്റെ വാക്കുകള്‍ മാത്രം കേട്ടാല്‍ മതി അത് മനസ്സിലാക്കാന്‍. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിയുടെ ഇപ്പോഴത്തെ ഫോമിനെക്കുറിച്ച് ഉത്കണ്ഠയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് 35 കാരനായ ധോണിയില്‍ സെലക്ടര്‍മാര്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
വിക്കറ്റ് കീപ്പറായുളള ധോണിയുടെ പ്രകടനത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ധോണി നല്ലൊരു വിക്കറ്റ് കീപ്പറാണെന്നു പലരും മനസ്സിലാക്കുന്നില്ല. കഴിഞ്ഞ 10-12 വര്‍ഷത്തിനിടയില്‍ ധോണിയുടെ കയ്യുറകള്‍ക്ക് ഒരു മോശം ദിനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍തന്നെയാണ് ഞങ്ങളെപ്പോഴും ധോണിയെ പരിഗണിച്ചിട്ടുളളത്. അതേസമയം, ധോണിയുടെ വിക്കറ്റ് നേട്ടങ്ങളും കണക്കിലെടുക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ഇപ്പോഴും ധോണിയാണെന്നും പ്രസാദ് പറഞ്ഞു.