[]മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2013ലെ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ധോണി.
ആസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലര്‍ക്ക്, ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്, ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സ് ഇന്ത്യയുടെ തന്നെ വിരാട് കോഹ്‌ലി എന്നിവരെ മറികടന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അവാര്‍ഡ് സ്വന്തമാക്കിയത്.
മുംബൈയില്‍ നടന്ന അവാര്‍ഡ്ദാനചടങ്ങില്‍ ധോണിക്ക് വേണ്ടി ബി.സി.സി.ഐ സെക്രട്ടറി സജ്ജയ് പട്ടേല്‍ അവാര്‍ഡ് ഏറ്റ് വാങ്ങി. ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ് ധോണിയിപ്പോള്‍.
2010ലാണ് ഐ.സി.സി പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് കൊണ്ട് വന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബര്‍ 2ന് ആരംഭിച്ച് ഇത്തവണത്തെ വോട്ടെടുപ്പ്് ഇക്കഴിഞ്ഞ 23ന് അവസാനിച്ചിരുന്നു. ഏതാണ്ട രണ്ട് ലക്ഷത്തോളം പേര് വോട്ടെടുപ്പില്‍ പങ്കാളികളായി.
2010ല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ലഭിച്ചത് സച്ചിനായിരുന്നു. പിന്നീട് 2011ലും 2012 ലും അവാര്‍ഡ് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്ക്ക് ലഭിച്ചു. ക്രിക്കറ്റ് ആരാധകരാല്‍ തെഞ്ഞെടുക്കപ്പെട്ട ഈ അവാര്‍ഡ് ഏറെ സന്തോഷം പകരുന്നതാണെന്ന് ധോണി പ്രതികരിച്ചു. അവാര്‍ഡ് ലഭിക്കാനായി വോട്ട് രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ നന്ദി പ്രകടിപ്പിച്ചു.