2023 ഐ.പി.എല്‍ സീസണിലെ ഫൈനല്‍ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ഒരുങ്ങിയിരിക്കുകയാണ്. ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിയുടെ 250-ാം മത്സരത്തിനാണ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുക. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ധോണി ഇന്ന് ചരിത്രത്തിലിടം പിടിക്കും.
പതിനൊന്നാം ഐ.പി.എല്‍ ഫൈനല്‍ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. 2008 മുതല്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫൈനലുകള്‍ കളിച്ച താരമെന്ന റെക്കോഡും മഹിക്ക് ഇന്ന് സ്വന്തമാകും. 10 തവണ ചെന്നൈയുടെ ക്യാപ്റ്റനെന്ന നിലയിലും, ഒരു വട്ടം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പവുമാണ് ധോണി ഫൈനലുകള്‍ കളിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാല് തവണ ചാമ്പ്യന്മാരാക്കാന്‍ നായകന്‍ ധോണിക്ക് കഴിഞ്ഞു. അഞ്ച് തവണ റണ്ണറപ്പായും ധോണി മാറി. 2008, 2012, 2013, 2015, 2019 വര്‍ഷങ്ങളിലായി അഞ്ച് തവണ സി.എസ്.കെ റണ്ണറപ്പായിരുന്നു. ഐ.പി.എല്‍ ഫൈനലുകളില്‍ 180 റണ്‍സ് നേടി, സുരേഷ് റെയ്നക്കും ഷെയ്ന്‍ വാട്സണും പിന്നില്‍ സി.എസ്.കെക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് ധോണി.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ധോണിക്ക് തൊട്ടുപിറകിലായി 243 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മയുണ്ട്. 24 അര്‍ധസെഞ്ച്വറികളും 234 സിക്‌സറുകളും 5000 റണ്‍സാണ് ധോണി നേടിയത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മക്കും ദിനേശ് കാര്‍ത്തികിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ധോണി. 377 ടി-20 മത്സരങ്ങളാണ് ധോണി കരിയറില്‍ കളിച്ചിട്ടുള്ളത്. ക്രിക്കറ്റിന്റെ കുട്ടി ഫോര്‍മാറ്റില്‍ 294 പുറത്താക്കലുമായി വിക്കറ്റിന് പിന്നിലെ പ്രകടനത്തിലും ഒന്നാമന്‍ ധോണി തന്നെയാണ്.