ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്തേക്ക് തല ധോണി തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ക്യാപ്റ്റന്‍ തിരിച്ചെത്തിയതിന് പിന്നാലെ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ച് ഡിഫന്‍ഡിംഗ് ചാമ്പ്യന്‍മാരെ വിജയപാതയിലെത്തിക്കാനും ധോണിക്കായിരുന്നു.
നായകന്റെ റോളിലേക്ക് ധോണി തിരിച്ചെത്തിയത് മതിമറന്നാഘോഷിച്ച ഓപ്പണര്‍മാരും മറ്റ് താരങ്ങളും കൂടിയായപ്പോള്‍ ചെന്നൈ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു.
ഇപ്പോഴിതാ, നായകന്റെ ചുമതലയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഒരു റെക്കോഡിന്റെ പടിവാതില്‍ക്കലില്‍ കൂടിയാണ് ധോണി. വിരാടിന് ശേഷം ഐ.പി.എല്ലില്‍ 6,000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ധോണിയുടെ കയ്യെത്തും ദൂരത്തുള്ളത്.
കേവലം ആറ് റണ്‍സ് കൂടെ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ റെക്കോഡിലെത്താല്‍ താരത്തിനാവും. നിലവില്‍ 301 മത്സരത്തിലെ 185 ഇന്നിംഗ്‌സില്‍ നിന്നുമായി 38.67 ശരാശരിയില്‍ 5,994 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. പല മത്സരങ്ങളില്‍ നിന്നുമായി നേടിയ 28 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തില്‍ കാര്യമായ സംഭാവനയൊന്നും ധോണിയുടെ ബാറ്റില്‍ നിന്നും ഉണ്ടായിരുന്നില്ല. ഏഴ് പന്തില്‍ നിന്നും 8 റണ്‍സ് മാത്രമാണ് താരം നേടിയത്. മോശം സ്‌കോറാണെങ്കില്‍ കൂടിയും ഇതേ പ്രകടനം ആവര്‍ത്തിച്ചാലും ധോണിക്ക് റെക്കോഡിനൊപ്പമെത്താന്‍ സാധിക്കും.
ഐ.പി.എല്ലിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ് കോഹ്‌ലി. 190 മത്സരത്തിലെ 185 ഇന്നിംഗ്‌സില്‍ നിന്നും 43.29 ശരാശരിയില്‍ 6,451 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്.
കോഹ്‌ലിക്കും ധോണിക്കും പിന്നാലെ രോഹിത് ശര്‍മയാണ് പട്ടികയിലെ മൂന്നാമന്‍. 4,721 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ധോണി ആറ് റണ്‍സ് കൂടെ നേടിയാല്‍ റെക്കോഡിനൊപ്പമെത്താനാവും. വിരാടിന്റെ ആര്‍.സി.ബിയ്‌ക്കെതിരയാണ് ചെന്നൈയുടെ മത്സരം എന്നതും ശ്രദ്ധേയമാണ്.
നിലവില്‍ 9 മത്സരത്തില്‍ നിന്നും 3 ജയവുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ. വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും മികച്ച മാര്‍ജിനില്‍ ജയിക്കുകയും അതിനൊപ്പം മറ്റ് ടീമുകളുടെ വരാനിരിക്കുന്ന മത്സരഫലങ്ങളേയും ആശ്രയിച്ചാല്‍ പ്ലേ ഓഫിന് വിദൂരസാധ്യത ഇപ്പോഴും ചെന്നൈയ്ക്ക് മുമ്പിലുണ്ട്.
അതേസമയം, 10 മത്സരത്തില്‍ നിന്നും അഞ്ച് വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാമതാണ് ആര്‍.സി.ബി.