ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌ക്‌സസ്ഫുള്‍ ക്യപ്റ്റന്‍മാരിലൊരാളാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എം.എസ്. ധോണി. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ സി.എസ്.കെയുടെ നിര്‍ണായക കളിക്കാരനായിരുന്നു അദ്ദേഹം.
എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 ധോണിയുടെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കരിയറിന്റെ അവസാനത്തെ ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് ധോണി മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിരുന്നാലും, ധോണി ഐ.പി.എല്ലില്‍ നിന്ന് വിരമിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിന്റെ ടോസിങ്ങിനിടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഡാറി മോറിസണിന്റെ ചോദ്യത്തിന് ധോണി നല്‍കിയ മറുപടി തരംഗമായിരിക്കുകയാണിപ്പോള്‍. താങ്കള്‍ക്കായി ആരാധകര്‍ പാടുന്ന മനോഹരമായ സ്വാന്‍സ്വാങ് ആസ്വദിക്കുന്നുണ്ടോ എന്നായിരുന്നു മോറിസണിന്റെ ചോദ്യം. ‘ഇതെന്റെ അവസാനത്തെ ടൂര്‍ണമെന്റാണെന്ന് നിങ്ങളാണ് തീരുമാനിച്ചത്, ഞാനല്ല’ എന്നായിരുന്നു തമാശ രൂപേണ ധോണി മറുപടി നല്‍കിയത്.
അതേസമയം, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. എല്‍.എസ്.ജെ 19.2 ഓവറില്‍ 125-7 എന്ന സ്‌കോറില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. പിന്നീട് ഇടവിട്ട് പെയ്ത മഴ മത്സരം അവതാളത്തിലാക്കി. അഞ്ച് ഓവറായി വെട്ടിച്ചുരുക്കിയുള്ള മത്സരം നടത്താനുള്ള സാധ്യത പോലും ലക്‌നൗവിനുണ്ടായിരുന്നില്ല. കളി ഉപേക്ഷിക്കേണ്ടി വന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതിച്ചെടുക്കുകയായിരുന്നു.