വളർച്ചയുടെ ഓരോ ഘട്ടത്തിലും സച്ചിൻ ടെണ്ടുൽക്കറെ പോലെ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. സച്ചിനായിരുന്നു ക്രിക്കറ്റിലെ തന്റെ ആരാധാനാപാത്രമെന്നും ധോണി പറയുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സച്ചിനെ പോലെ കളിക്കാൻ പലയാവർത്തി ശ്രമിച്ചിട്ടുണ്ടെങ്കിലും അതിന് സാധിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തിന്റെ സ്റ്റൈൽ വ്യത്യസ്തമാണെന്ന് മനസിലാക്കിയതെന്നും ഇന്ത്യയുടെ ലോകകപ്പ് നേടിക്കൊടുത്ത നായകൻ കൂടിയായ ധോണി കൂട്ടിച്ചേർക്കുന്നുണ്ട്.
‘വളർന്നുവരുന്ന പ്രായത്തിൽ ഞാനും നിങ്ങളെയൊക്കെ പോലെ തന്നെയായിരുന്നു. സച്ചിനായിരുന്നു പ്രിയ താരവും ക്രിക്കറ്റിലെ ആരാധനാപാത്രവും. സ്ഥിരമായി അദ്ദേഹത്തിന്റെ കളി കാണാറുണ്ടായിരുന്നു. എനിക്കെപ്പോഴും അദ്ദേഹത്തെപോലെ കളിക്കണമെന്നുണ്ടായിരുന്നു. മനസിൽ ശരിക്കും ഞാൻ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ പറ്റിയിരുന്നില്ല. പിന്നീടാണ് മനസിലായത് അദ്ദേഹത്തിന്റെ സ്‌റ്റൈൽ വേറെയാണെന്ന്,’ ധോണി പറയുന്നു.
സ്‌കൂളിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം എന്തായിരുന്നു എന്ന ചോദ്യത്തിന് സ്‌പോർട്‌സ് ഒരു വിഷയമാണോ എന്നായിരുന്നു ധോണിയുടെ മറുചോദ്യം. എം.എസ് ധോണി ഗ്ലോബൽ സ്‌കൂളിന്റെ പരിപാടിയ്ക്കിടെയായിരുന്നു ധോണിയുടെ മറുപടി.
2022ലെ ഐ.പി.എല്ലിലാണ് ധോണി അവസാനമായി കളിച്ചത്. 2023ലെ സീസണിലും താനുണ്ടാകുമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഐ.പി.എല്ലിൽ താൻ പങ്കെടുക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സിനെ കിരീടത്തിലേക്ക് നയിച്ചത് സച്ചിൻ ടെണ്ടുൽക്കറായിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് 21.25 ശരാശരിയിൽ 85 റൺസ് നേടിയ മാസ്റ്റർ ബ്ലാസ്റ്ററിന്റെ ഏറ്റവും ഉയർന്ന സ്‌കോർ 40ആണ്.
Content Highlight: MS Dhoni says he wanted to play like sachin tendulkar but somehow couldn’t