ബേ ഓവല്‍: ന്യുസീലന്‍ഡിനെതിരെ ഇന്ത്യ ചരിത്ര വിജയം നേടിയപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നത് ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങ്. കേദര്‍ ജാദവിന്റെ പന്തില്‍ റോസ് ടെയ്ലറെയാണ് കണ്ണടച്ച് തുറക്കും വേഗത്തില്‍ ധോനി പുറത്താക്കിയത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഒരിക്കല്‍ കൂടി ധോണിയുടെ കൈകള്‍ മിന്നല്‍ വേഗത്തില്‍ ചലിച്ചപ്പോള്‍ ന്യൂസിലന്‍ഡിന് നഷ്ടമായത് നിര്‍ണായക വിക്കറ്റായിരുന്നു.
ഇന്നിങ്‌സിലെ 17-ാം ഓവറിലാണ് ടെയ്‌ലറെ ധോണി പുറത്താക്കിയത്. കേദാര്‍ ജാദവിന്റെ പന്ത് മുന്നോട്ട് ആഞ്ഞ് അടിക്കാനുള്ള ടെയ്‌ലറുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആ സന്ദര്‍ഭം ഇന്ത്യക്ക് അനുകൂലമാക്കുകയായിരുന്നു ധോണി.
25 പന്തില്‍ 22 റണ്‍സടിച്ച് മികച്ച ഫോമിലായിരുന്നു ടെയ്ലര്‍. ഈ സമയത്താണ് ധോനി സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്. ഇതോടെ ഈ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.
വിക്കറ്റുകള്‍ക്കിടയിലും വിക്കറ്റിന് പിന്നിലും ധോണിയുടെ മിന്നല്‍ വേഗതയ്ക്ക് ക്രിക്കറ്റ് ലോകം മുമ്പും പലവട്ടം സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.
37 ാം വയസിലും വിക്കറ്റിന് പിറകിലെ ധോണിയുടെ മാസ്മരിക പ്രകടനത്തെ വാഴ്ത്തുകയാണിപ്പോള്‍ ആരാധകര്‍. വിക്കറ്റിന് പിറകില്‍ ധോണി നില്‍ക്കുമ്പോള്‍ ആരെങ്കിലും ഒരു സെക്കന്റ് പോലും കാല് പൊക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം ന്യുസീലന്‍ഡിനെ 90 റണ്‍സിന് പരാജയപ്പെടുത്തിയതോടെ കിവികളുട നാട്ടില്‍ ഇന്ത്യനേടുന്ന ഏറ്റവും ഉയര്‍ന്ന മാര്‍ജിന്‍ ജയമായി മാറിയിരിക്കുകയാണ് ഇന്നത്തെ മത്സരം. 2009ല്‍ ഹാമില്‍ട്ടണില്‍ നേടിയ 84 റണ്‍സ് ജയമായിരുന്നു ഇന്ത്യയുടെ ഇതിന് മുമ്പത്തെ ഏറ്റവും വലിയ ജയം.
ബാറ്റിങില്‍ രോഹിതും ശിഖര്‍ ധവാനും വിരാടും ധോണിയും തിളങ്ങിയപ്പോള്‍ ബോളിങില്‍ യാദവിന്റെ മികച്ച പ്രകടനവുമാണ് വന്‍ മാര്‍ജിനുള്ള ജയം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.