| Wednesday, 27th July 2022, 1:46 pm

ധോണി വന്നൊരു പോക്ക്; പന്തിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ തലയുടെ കാമിയോ; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരകള്‍ ആരംഭിക്കാനിരിക്കെ വിന്‍ഡീസില്‍ എത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. സീനിയര്‍ താരങ്ങളില്ലാതെയാണ് നിലവില്‍ ഏകദിന ടീം ‘ഗബ്ബറി’ന്റെ നേതൃത്വത്തില്‍ പര്യടനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ ഇല്ലാതെ തന്നെ 300+ ചെയ്‌സ് ചെയ്ത് ജയിക്കാനാവുമെന്നും പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നും ശിഖര്‍ ധവാനും പിള്ളേരും കാണിച്ചുതന്നിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളിയും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.

ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും നടക്കും. രോഹിത് ശര്‍മ, റിഷബ് പന്ത് അടക്കമുള്ള താരങ്ങള്‍ പര്യടനത്തിനായി കരീബിയന്‍ മണ്ണില്‍ എത്തിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് സമയം കളയാനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

ലൈവ് ആരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും സൂര്യകുമാര്‍ യാദവിനെയും ആഡ് ചെയ്യുകയും ലൈവിലെത്തിയ ആരാധകര്‍ക്കൊപ്പം അല്‍പം സമയം ചെലവഴിക്കുകയും ചെയതു.

ഇതിന് ശേഷം മുന്‍ നായകന്‍ എം.എസ് ധോണിയെ കൂടി ലൈവില്‍ ആഡ് ചെയ്തതോടെയാണ് ലൈവ് കൂടുതല്‍ രസകരമായത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ലൈവ് അറ്റന്‍ഡ് ചെയ്തത്. തുടര്‍ന്ന് ധോണിക്ക് കൈമാറുകയായിരുന്നു. ലൈവിലെത്തിയതിന് ശേഷം മൂവരോടും ഹായ് പറയുകയും ഫോണ്‍ തട്ടിപ്പറിച്ച് ലൈവില്‍ നിന്നും പോവുകയുമായിരുന്നു.

ധോണി ഫോണ്‍ തട്ടിപ്പറിച്ചപ്പോള്‍ തന്നെ രോഹിത് ശര്‍മയും സൂര്യകുമാറും ചിരി തുടങ്ങിയിരുന്നു. എന്നാല്‍ തലയോട് വിശേഷം ചോദിക്കാനായിരുന്നു പന്തിന് താത്പര്യം. ‘മഹി ഭായ് ക്യാ ഹാല്‍ ഹേ, രഖോ രഖോ, ഭയ്യാ കോ തോഡാ ലൈവ് പര്‍ രഖോ’ എന്നായിരുന്നു പന്ത് പറഞ്ഞുകൊണ്ടിരുന്നത്.

ഇന്‍സ്റ്റ ലൈവിന്റെ വീഡിയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു. ‘ 7 സെക്കന്റ്‌സ് ഓഫ് പ്യൂര്‍ ജോയ്’ എന്ന ക്യാപ്ഷന്‍ നല്‍കിയായിരുന്നു കെ.കെ.ആര്‍ വീഡിയോ പങ്കുവെച്ചത്.

അതേസമയം, ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പര ജൂലൈ 29ന് ആരംഭിക്കും. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയാണ് വേദി.

വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

Content Highlight:  MS Dhoni’s Cameo During Rishabh Pant’s Instagram Live With Rohit Sharma, Suryakumar Yadav

We use cookies to give you the best possible experience. Learn more