| Monday, 29th May 2023, 9:19 pm

വീഡിയോ; ഇന്നലെ ആകാശത്ത് കണ്ട മിന്നല്‍പിണര്‍ ഇന്ന് വിക്കറ്റിന് പിന്നില്‍; 41ാം വയസിലും ഇങ്ങേര് 🔥 🔥 ⚡⚡

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ ഫൈനല്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഗുജറാത്ത് ടൈറ്റന്‍സിന് നല്‍കിയത്. പവര്‍ പ്ലേയില്‍ 62 റണ്‍സാണ് ശുഭ്മന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്. ഐ.പി.എല്‍ ഫൈനലിലെ ഏറ്റവുമുയര്‍ന്ന പവര്‍ പ്ലേ സ്‌കോറാണിത്.

എതിരാളികളുടെ ആറ് ഓവറിലെ വെടിക്കെട്ടിന് തൊട്ടടുത്ത ഓവറില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറുപടി നല്‍കിയിരുന്നു. രവീന്ദ്ര ജഡേജയെറിഞ്ഞ ഏഴാം ഓവറില്‍ ശുഭ്മന്‍ ഗില്ലിനെ മടക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആവശ്യമായ ബ്രേക് ത്രൂ സ്വന്തമാക്കിയത്.

ജഡേജ – ധോണി കോംബോയിലായിരുന്നു ഗില്ലിന് മടങ്ങേണ്ടി വന്നത്. ഏഴാം ഓവറിലെ നാലാം പന്തില്‍ വിക്കറ്റിന് പിന്നില്‍ ധോണി നടത്തിയ നീക്കം ഗില്ലിനെ പവലിയനിലേക്ക് മടക്കിയയച്ചു.

പന്ത് കയ്യില്‍ കിട്ടി ഒരു നിമിഷം പോലും പാഴാക്കാതെ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു. തനിക്ക് ക്രീസിലെത്തണമെന്ന് ഗില്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ ധോണി താന്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതെന്തോ അത് ചെയ്തിരുന്നു. 0.1 സെക്കന്‍ഡ് എന്നതായിരുന്നു ധോണിയുടെ റിയാക്ഷന്‍ ടൈം.

ഗില്ലിനെ സ്റ്റംപ് ചെയ്തതിന് പിന്നാലെ തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെ സൂപ്പര്‍ കിങ്‌സ് ആഘോഷം തുടങ്ങിയിരുന്നു. 20 പന്തില്‍ നിന്നും 39 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ഗില്ലിന്റെ സമ്പാദ്യം.

അതേസമയം, ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ റണ്‍സ് നേടിയിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച വൃദ്ധിമാന്‍ സാഹയും വെടിക്കെട്ട് നടത്തിയ സായ് സുദര്‍ശനുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

സായ് സുദര്‍ശന്‍ 47 പന്തില്‍ നിന്നും 96 റണ്‍സ് നേടിയപ്പോള്‍ സാഹ 39 പന്തില്‍ നിന്നും 54 റണ്‍സ് നേടി പുറത്തായി.

സൂപ്പര്‍ കിങ്‌സിനായി ജഡേജയും ദീപക് ചഹറും മതീശ പതിരാനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content highlight: MS Dhoni’s brilliant stumping

We use cookies to give you the best possible experience. Learn more