|

കരിയറില്‍ തന്നെ സഹായിച്ചവര്‍ക്കുള്ള നന്ദി പ്രകടനം; ലോകകപ്പില്‍ ധോണി ബാറ്റുകള്‍ മാറി മാറി ഉപയോഗിക്കുന്നത് വിരമിക്കുന്നതിന്റെ സൂചന

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് ലോകകപ്പോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ ഈ ലോകകപ്പില്‍ ഒരോ മത്സരത്തിലും വ്യത്യസ്ത ബാറ്റുകളാണ് ധോണി ഉപയോഗിച്ചിരുന്നത്. കരിയറിലുടനീളം ധോണിയെ വിവിധ ഘട്ടത്തില്‍ സ്‌പോണ്‍സര്‍ ചെയ്ത കമ്പനികളുടെ ബാറ്റുകളാണ് അദ്ദേഹം ഉപയോഗിച്ചത്. ഇത് വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ ധോണിയുടെ ഭാഗത്ത് നിന്നുള്ള നന്ദി പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ഡെയും ഇക്കാര്യത്തെ ഭാഗികമായെങ്കിലും ശരിവെക്കുന്നു.

‘അദ്ദേഹം വിവിധ ബ്രാന്‍ഡുകളുടെ ബാറ്റുകള്‍ ഉപയോഗിക്കുന്നുണ്ടത് ശരി തന്നെയാണ്. പക്ഷെ ധോണി ഇതിന് പണമൊന്നും കമ്പനികളില്‍ നിന്നും ഈടാക്കുന്നില്ല. കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ തന്നെ സഹായിച്ചവരോട് നന്ദി പറയുകയാണ് അദ്ദേഹം ചെയ്യുന്നത്.’

‘വലിയൊരു ഹൃദയത്തിന്റെ ഉടമയാണ് ധോണി, അദ്ദേഹത്തിന് ഇനി കൂടുതല്‍ പണത്തിന്റെ ആവശ്യമില്ല. ഗുഡ് വില്‍ ജെസ്റ്റര്‍ എന്ന നിലയ്ക്കാണ് അദ്ദേഹം ഈ ബാറ്റുകള്‍ ഉപയോഗിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ബി.എ.എസും എസ്.ജിയുമെല്ലാം അദ്ദേഹത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്.’ അരുണ്‍ പാണ്ഡെ മുംബൈ മിററിനോട് പറഞ്ഞു.

സാധാരണ നിലയില്‍ റീബോക്ക് ബാറ്റ് ഉപയോഗിക്കുന്ന ധോണി മൂന്ന് കമ്പനികളുടെ ബാറ്റുകളാണ് ഈ ലോകകപ്പില്‍ ഉപയോഗിച്ചത്.

സാധാരണ നിലയില്‍ കളിക്കാര്‍ ബാറ്റ് കമ്പനികളില്‍ നിന്നും വര്‍ഷത്തില്‍ നാലോ അഞ്ചോ കോടി രൂപ ഈടാക്കാറുണ്ട്. നിലവില്‍ ധോണിയ്ക്ക് ബാറ്റ് സ്‌പോണ്‍സര്‍ ഇല്ല.

നേരത്തെ മത്സരത്തിന് ശേഷം അംപയര്‍മാരോട് ധോണി ബോള്‍ വാങ്ങിവെച്ചതും വിരമിക്കലിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.