| Saturday, 5th November 2022, 8:48 pm

ധോണിയെ പോലെയാണ് രോഹിത്തെന്നോ, എനിക്ക് യോജിപ്പില്ല: ബി.സി.സി.ഐ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില് സെമി ഫൈനലിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ് ടീം ഇന്ത്യ. രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യക്ക് സെമിയിലേക്ക് കടക്കാൻ ഇനിയൊരു ജയം മാത്രമാണ് വേണ്ടത്.

ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന റൗണ്ട് മത്‌സരത്തിൽ സിംബാബ്‌വെയെ തോൽപ്പിക്കാനായാൽ ഇന്ത്യക്ക് അനായാസം സെമിയിൽ കടക്കാം.

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ മുൻ ഇന്ത്യൻ താരം എം.എസ്. ധോണിയുമായാണ് പലരും താരതമ്യം ചെയ്യാറ്.

വളരെ കൂളായി ടീമിനെ നയിക്കാൻ രോഹിത്തിന് സാധിക്കാറുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇന്ത്യൻ ടീമിന് വേണ്ടി ധോണി ലോകകപ്പ് ഉയർത്തിയപ്പോൾ ടീമിൽ രോഹിത്തും ഉണ്ടായിരുന്നു.

2021ൽ മുൻ നായകൻ വിരാട് കോഹ്ലി സ്ഥാനമൊഴിഞ്ഞപ്പോഴാണ് രോഹിത് ക്യാപ്റ്റനായി ചുമതലയെടുത്തത്.

തുടർന്ന് ധോണിയുടെ പിൻ​ഗാമിയാകാനാണ് രോഹിത് ശ്രമിക്കുന്നതെന്നും ധോണിയെ പോലെ ശാന്തമാണ് രോഹിത്തിന്റെയും ക്യാപ്റ്റൻസിയെന്നും ആരാധകർ അഭിപ്രായപ്പെടുകയായിരുന്നു.

എന്നാൽ ഈ താരതമ്യങ്ങളോട് താൻ യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായ റോജർ ബിന്നി.

രോഹിത്തും ധോണിയും രണ്ട് ധ്രുവങ്ങളിൽ കളിക്കുന്ന താരങ്ങളാണെന്നും ഇരുവരും വ്യത്യസ്ത ശൈലിയിലാണ് ടീമിനെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”രോഹിത് ശർമ വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്. ഒരുപാട് മത്സരങ്ങളിൽ അദ്ദേഹം കളിക്കുകയും വ്യത്യസ്ത തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്തിട്ടുമുണ്ട്.

ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യാൻ കഴിയില്ല.

ധോണി രോഹിത്തിനേക്കാൾ തീർത്തും വ്യത്യസ്തനായിരുന്നു. കപിൽ ദേവിനെയും സുനിൽ ഗവാസ്‌കറെയും നിങ്ങൾക്കു താരതമ്യം ചെയ്യാൻ സാധിക്കില്ല.

അതു പോലെ തന്നെയാണ് ധോണിയും രോഹിത്തും. തികച്ചും വ്യത്യസ്തമായ തരത്തിലാണ് രണ്ടു പേരുടെയും ക്യാപ്റ്റൻസി,’ റോജർ ബിന്നി വ്യക്തമാക്കി.

ഞായറാഴ്ച മെൽബണിൽ സിംബാബ്‌വെക്കെതിരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമിയിലെത്തും. ഗ്രൂപ്പ് ഒന്നിൽ ന്യൂസിലാൻഡും ഇം​ഗ്ലണ്ടും സെമിയിലേക്ക് യോഗ്യത നേടി.

Content Highlights: MS Dhoni’s and Rohit Sharma’s captancy are not the same, claims BCCI president Rogery Binny

We use cookies to give you the best possible experience. Learn more