| Saturday, 4th November 2017, 4:27 pm

'ആരും കാണാതിരിക്കാന്‍ ഞാന്‍ തല കുനിച്ച് പിടിച്ചാണ് കരഞ്ഞത്, അതുകൊണ്ട് ക്യാമറകളിലും പതിഞ്ഞില്ല'; തന്നെ പൊട്ടിക്കരയിപ്പിച്ച താരമാരെന്ന് വെളിപ്പെടുത്തി ധോണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി കളിക്കളത്തിലെ ശാന്തതയുടെ പേരിലാണ് അറിയപ്പെടുന്നത്. നിയന്ത്രണം വിട്ട് വികാരഭരിതനായോ കോപാകുലനായോ ധോണി കണ്ടത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ ടീം ഇന്ത്യയ്ക്ക് നേടി കൊടുക്കാവുന്നതിന്റെ പരമാവധി അദ്ദേഹം നേടിക്കൊടുത്ത് കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യകണ്ട ഏക്കാലത്തേയും മികച്ച നായകന്മാരിലൊരാളായിട്ടാണ് ധോണിയെ ആരാധകരും കായിക ലോകവും വിലയിരുത്തുന്നത്. നായക സ്ഥാനത്തു നിന്നും പടിയിറങ്ങിയിട്ടും ആ ബഹുമാനത്തിനും ആദരവിനും യാതൊരു കുറവുമില്ല.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദ്ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ ടീമിനേയും താരങ്ങളേയും കുറിച്ച് രസകരമായ നിരവധി സംഭവങ്ങളാണ് പുറത്തു വരുന്നത്. അധികമൊന്നും അറിയാത്ത പല കഥകളും വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്. ഇപ്പോഴിതാ ഏത് കാറ്റിലും ഉലയാത്ത ധോണിയെ കരയിപ്പിച്ച സംഭവത്തെ കുറിച്ച് പുസ്തകത്തില്‍ പറഞ്ഞതും പുറത്ത് വന്നിരിക്കുകയാണ്.

വാങ്കഡയില്‍ നടന്ന 2011 ലെ ലോകകപ്പിന്റെ ഫൈനലിലെ ചരിത്ര ഇന്നിംഗ്‌സിന് ശേഷമായിരുന്നു ധോണിയെ കരയിപ്പിച്ച സംഭവമുണ്ടായത്. സിക്‌സടിച്ചു കൊണ്ട് സ്വതസിദ്ധമായ ശൈലിയില്‍ ധോണി ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചപ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്നും മറ്റ് താരങ്ങള്‍ ഓടിയെത്തി ധോണിയേയും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന യുവിയേയും കെട്ടിപ്പിടിക്കുകയായിരുന്നു.


Also Read: നിക്കാഹുമല്ല, വിവാഹവുമല്ല: സാഗരികയുമായുള്ള വിവാഹത്തെക്കുറിച്ച് സഹീര്‍ഖാന്‍


എല്ലാവരുടേയും അഭിനന്ദവും ഏറ്റുവാങ്ങിയ തനിക്ക് ഹര്‍ഭജന്‍ സിംഗ് കെട്ടിപ്പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു പോയെന്ന് ധോണി പറയുന്നു.

” അതെ, ഞാന്‍ കരഞ്ഞു. പക്ഷെ ക്യാമറകളില്‍ അത് കുടുങ്ങിയില്ല. ഒരുപാട് എക്‌സൈറ്റഡ് ആയിരുന്നു. പക്ഷെ വികാരം പുറത്തു കാണിച്ചില്ല. പക്ഷെ ഭാജി വന്ന് കെട്ടിപ്പിടിക്കും വരെ മാത്രം. ആരും കാണാതിരിക്കാന്‍ തല കുനിച്ചു പിടിച്ചായിരുന്നു ഞാന്‍ കരഞ്ഞത്.” ധോണി പറയുന്നു.

താരമെന്ന നിലയിലും നായകനെന്ന നിലയിലും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ധോണിയുടെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷമായിരുന്നു അത്. സിക്‌സറിലൂടെ ടീമിനെ ലോകകപ്പ് ചാമ്പ്യന്മാരാക്കുക എന്ന സ്വപ്‌നതുല്യമായ നേട്ടം കൈവരിച്ച നിമിഷം. രാജ്യമൊത്തം ആനന്ദം കൊണ്ട് പൊട്ടിക്കരയുകയും ആര്‍പ്പു വിളിക്കുകയും ചെയ്ത നിമിഷം.

We use cookies to give you the best possible experience. Learn more