| Thursday, 17th March 2022, 6:28 pm

വെറുതെ കൊണ്ടുനടക്കുന്നതല്ല, ആ 7ന് പിന്നില്‍ ഒരു കഥയുണ്ട്; 7ാം നമ്പര്‍ ജേഴ്‌സിയെ കുറിച്ച് ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകരില്‍ ഒരാളാണ് എം.എസ് ധോണി. നിരവധി നേട്ടങ്ങളിലേക്കാണ് താരം ഇന്ത്യയെ കൈപിടിച്ച് നടത്തിയിട്ടുള്ളത്. രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫി കിരീടവും അക്കൂട്ടത്തില്‍പ്പെടും.

താരത്തെ പോലെ തന്നെ ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിക്കും ആരാധകര്‍ ഏറെയായിരുന്നു. 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ വിരമിക്കും വരെ താരം ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല.

ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നപ്പോഴും ഐ.പി.എല്ലില്‍ ചെന്നൈയ്ക്കും പൂനെയ്ക്കും വേണ്ടി കളിക്കുമ്പോഴും അദ്ദേഹം ഏഴാം നമ്പര്‍ ജേഴ്‌സി തന്നെയായിരുന്ന ധരിച്ചിരുന്നത്.

ജേഴ്‌സി മാത്രമല്ല, വണ്ടി ഭ്രാന്തനായ ധോണിയുടെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലും ഏഴ് മസ്റ്റായിരുന്നു.

ധോണിയുടെ ഏഴാം നമ്പറിനെ ചൊല്ലി നിരവധി അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. അന്ധവിശ്വാസത്തിന്റെ ഭാഗമായാണ് ഏഴാം നമ്പറിനെ ഇങ്ങനെ പിന്തുടരുന്നതെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ ഇതിന് പിന്നില്‍ ഒരു അന്ധവിശ്വാസവും ഇല്ലെന്നും, താന്‍ ജനിച്ച ദിവസമായതിനാലാണ് ഏഴ് എന്ന അക്കത്തോട് ഇത്രയും സ്‌നേഹം ഉണ്ടായതെന്നുമാണ് താരം പറയുന്നത്.

1981 ജൂലൈ 7നാണ് (7/7/1981) താരം ജനിച്ചത്. അതിനെ കുറിക്കാനാണ് താരം ഏഴാം നമ്പര്‍ ജേഴ്‌സി എപ്പോഴും ധരിച്ചിരുന്നത്.

‘എല്ലാ ആളുകളും കരുതിയിരുന്നത് 7 എന്റെ ലക്കി നമ്പറാണെന്നും അതുകൊണ്ടാണ് ഞാന്‍ ഏഴാം നമ്പര്‍ ജേഴ്‌സി എപ്പോഴും ധരിക്കുന്നതെന്നുമാണ്. എന്നാല്‍ അങ്ങനെയല്ല. അതിന് പിന്നല്‍ വളരെ ചെറിയ കാരണമാണുള്ളത്.

ഞാന്‍ ജൂലൈ ഏഴിനാണ് ജനിച്ചത് എന്നതുതന്നെയാണ് അതിനുള്ള കാരണം. ഏഴാം മാസത്തിലെ ഏഴാം ദിവസം, അതുമാത്രമാണ് ഇതിന് കാരണം.

ഏത് നമ്പറാണ് നല്ലതെന്നും, ഏതാണ് ഭാഗ്യനമ്പറെന്നും നോക്കുന്നതിന് പകരം, എന്റെ ജനനതീയ്യതി തന്നെ ഉപയോഗിക്കാമെന്ന് കരുതി,’ ധോണി പറയുന്നു.

ഐ.പി.എല്ലിന്റെ പുതിയ സീസണിലും താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമാണ്. തന്റെ പ്രിയപ്പെട്ട ഏഴാം നമ്പറില്‍ തന്നെയാണ് താരം ടീമിനൊപ്പം തുടരുന്നത്.

മാര്‍ച്ച് 26ന് തുടങ്ങുന്ന ഐ.പി.എല്ലിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരം ചെന്നൈയുടെതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Content Highlight: MS Dhoni reveals truth behind choosing jersey No. 7
We use cookies to give you the best possible experience. Learn more