മുംബൈ: ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. വാതുവെപ്പ് കേസിലെ മുഖ്യ പ്രതിയായ ഗുരുനാഥ് മെയ്യപ്പനെ സഹായിക്കുന്ന തരത്തില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടില്ലെന്നാണ് ധോണിയുടെ വെളിപ്പെടുത്തല്‍.
മെയ്യപ്പന്‍ ഒരു ക്രിക്കറ്റ് എന്തൂസിയാസ്റ്റ് മാത്രമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ധോണി പറയുന്നത്. രജ്ദീപ് സര്‍ദ്ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് ധോണിയുടെ വെളിപ്പെടുത്തല്‍.
” ഞാന്‍ പറയട്ടെ, മെയ്യപ്പന്‍ വെറുമൊരു ക്രിക്കറ്റ് എന്തൂസിയാസ്റ്റ് മാത്രമാണെന്ന് അന്വേഷണ സംഘത്തോട് ഞാന്‍ പറഞ്ഞിട്ടില്ല. ഓണ്‍ ഫീല്‍ഡ് തീരുമാനങ്ങളില്‍ ഇടപെടാന്‍ യാതൊരു അധികാരവും അദ്ദേഹത്തിനില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സ്ത്യത്തില്‍ എന്തൂസിയാസ്റ്റ് എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും എനിക്കാവില്ല”. ധോണി പറയുന്നു.
നേരത്തെ, ചെന്നൈ ടീമുടമയായിരുന്ന എന്‍.ശ്രീനിവാസനുമായുള്ള അടുപ്പത്തെ കുറിച്ചുള്ള ധോണിയുടെ വാക്കുകളും പുറത്തു വന്നിരുന്നു. 2012 ല്‍ ധോണിയെ പുറത്താക്കാനുള്ള തീരുമാനത്തെ തടഞ്ഞത് ശ്രീനിവാസനാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
അതേസമയം, വാതുവെപ്പ് കേസിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും അടുത്ത സീസണോടെ തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. അതിനിടെയാണ് ധോണിയുടെ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്.
വാതുവെപ്പ് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും ധോണി പുസ്തകത്തില്‍ മറുപടി നല്‍കുന്നുണ്ട്.” അവിടെയാണ് ഞാന്‍ അതിര്‍ത്തി വരയ്ക്കാന്‍ ആഗ്രഹിക്കുന്നത്. എന്നെ വിമര്‍ശിച്ചോളൂ, പക്ഷെ എനിക്ക് എല്ലാം തന്ന കളിയെ ഞാന്‍ വാതുവെപ്പ് നടത്തി ചതിക്കില്ല. തീയ്യില്ലാതെ പുകയുണ്ടാകില്ല എന്നൊക്കെ മാധ്യമങ്ങള്‍ പറയുന്നത് ഭ്രാന്താണ്. അതുകൊണ്ട് ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കാത്തത് പോലും.”
ക്രിക്കറ്റിന് അകത്തും പുറത്തും ഏറെ ബഹുമാനിക്കപ്പെടുന്ന ധോണിയുടെ നിലപാട് വ്യക്തമായിരിക്കുകയാണ്. പുതിയ ഐ.പി.എല്‍ സീസണിലൂടെ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഗംഭീര തിരിച്ചു വരവിനുള്ള അവസരമൊരുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.