| Sunday, 29th April 2018, 11:25 am

'തോറ്റെങ്കിലെന്ത് തലൈവാ.. നീങ്ക താന്‍ തല'; ഐ.പി.എല്ലില്‍ ചരിത്ര നേട്ടവുമായി 'ക്യാപ്റ്റന്‍ കൂള്‍'

സ്പോര്‍ട്സ് ഡെസ്‌ക്

പൂനെ: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു. എട്ടു വിക്കറ്റിനായിരുന്നു രോഹിതും സംഘവും ധോണിപ്പടയെ പരാജയപ്പെടുത്തിയത്. എന്നാല്‍ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ചെന്നൈയുടെ “തല”യ്ക്ക് ഇന്നലെ ഐ.പി.എല്ലില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമായി.

ഐ.പി.എല്ലിലെ 150 മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ചെന്നൈ നായകനായി ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച ധോണി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ തിരികെയെത്തിയതിനു പിന്നാലെയാണ് പുതിയ നേട്ടവും സ്വന്തമാക്കിയത്.

ധോണിയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്തുള്ള നായകന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ ഗൗതം ഗംഭീറാണ്. തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നായകത്വം രാജിവെച്ച ഗംഭീര്‍ ഇതുവരെ 129 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയിരിക്കുന്നത്. നായകത്വം ഗംഭീര്‍ ഉപേക്ഷിച്ചതോടെ ധോണിയുടെ റെക്കോര്‍ഡിനു അടുത്തൊന്നും വെല്ലുവിളി ഉയരാന്‍ സാധ്യതയില്ല.

ധോണിയ്ക്കും ഗംഭീറിനും പിറകില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യന്‍ നായകനും ബൈംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സ് നായകനുമായ വിരാട് കോഹ്‌ലിയാണ്. നാലാം സ്ഥാനത്ത് മുംബൈ നായകന്‍ രോഹിത്ത് ശര്‍മയും. 88 മത്സരങ്ങളിലാണ് വിരാട് നായകനായി ടീമിനെ നയിച്ചത്. 82 മത്സരങ്ങളിലാണ് രോഹിത്ത് ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞത്.

ഇന്നലെ നായകനായി 150 മത്സരത്തിനിറങ്ങിയ ധോണിയ്ക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 8 വിക്കറ്റിനാണ് ചെന്നൈയെ മുംബൈ മുട്ടുകുത്തിച്ചത്. 170 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്ക് 2 വിക്കറ്റ് നഷ്ടത്തില്‍ 3 പന്ത് ബാക്കി നില്‍ക്കെ വിജയത്തിലെത്താനായി.

2 സിക്‌സും 6 ഫോറുമായി 33 പന്തില്‍ 56 റണ്‍സ് നേടിയ നായകന്‍ രോഹിത്തിന്റെ ബാറ്റിങ് മികവിലാണ് മുംബൈയ്ക്ക് അനായാസ ജയമൊരുക്കിയത്. ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവ്, എവിന്‍ ലൂയിസ് എന്നിവരും മുംബൈയ്ക്കായി തിളങ്ങി. സൂര്യകുമാര്‍ 34 പന്തില്‍ 44 റണ്‍സും എവിന്‍ ലൂയിസ് 43 പന്തില്‍ 47 റണ്‍സെടുത്തും പുറത്തായപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ എട്ടു പന്തില്‍ 13 റണ്‍സെടുത്ത് രോഹിത്തിനൊപ്പം പുറത്താകാതെ നില്‍ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more