| Monday, 2nd April 2018, 11:00 pm

ലോകകപ്പ് വാര്‍ഷിക ദിനത്തില്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങി എം.എസ് ധോണി; എത്തിയത് സൈനിക വേഷത്തില്‍; ചിത്രങ്ങളും വീഡിയോയും കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: 2011 ലോകകപ്പിന്റെ വാര്‍ഷിക ദിനത്തില്‍ പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി എം.എസ് ധോണി. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നാണ് ധോണി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ സ്വീകരിച്ചത്.

ബില്യാര്‍ഡ്‌സ് ലോക ചാമ്പ്യന്‍ പങ്കജ് അദ്വാനിയും ധോണിക്കൊപ്പം പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 2011 ഏപ്രില്‍ രണ്ടിനാണ് മുംബൈയില്‍ നടന്ന ഫൈനലില്‍ ധോണി ഉയര്‍ത്തിയത്. കൃത്യം ഏഴ് വര്‍ഷത്തിനപ്പുറമാണ് ധോണിയുടെ പത്മനേട്ടം. 2008, 2009 വര്‍ഷങ്ങളില്‍ ഐ.സി.സിയുടെ ഏകദിന പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ധോണി നേടിയിരുന്നു.

സൈനിക വേഷത്തിലെത്തിയാണ് ധോണി രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ധോണി. കപില്‍ ദേവിനു ശേഷം പത്മഭൂഷണ്‍ ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ധോണി.

2018ലെ ബില്യാര്‍ഡ്‌സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട പങ്കജ് അദ്വാനി 2006 ദോഹ, 2010 ഗ്വാങ്‌ഷൌ ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണം നേടിയിരുന്നു.

We use cookies to give you the best possible experience. Learn more